ഫ്രാങ്ക്ഫർട്ട്: ലോകത്തെ ആദ്യ ഗ്ലാസ് നിർമിത ട്രെയിൻ ഇന്ത്യയിൽ ഓട്ടം തുടങ്ങി. ട്രെയിനിന്റെ മേൽക്കൂരയും സൈഡുകളും മുഴുവൻ വ്യക്തമായ കാഴ്ച ലഭിക്കുന്ന ഗ്ലാസുകൾ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്.
ആന്ധ്രാ പ്രദേശിലെ വിശാഖപട്ടണം മുതൽ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ അരാക്കുവാലി വരെയാണ് ട്രെയിൻ സർവീസ് നടത്തുന്നത്. ഇവിടുത്തെ അനന്തഗിരിയുടേയും ബോറാ ഗുഹകളുടെയും ദൃശ്യ മനോഹര സൗന്ദര്യം ആസ്വദിക്കാൻ ജനലിന് സമീപത്തേക്ക് നീങ്ങിയിരിക്കുകയോ അല്ലെങ്കിൽ വാതിലിന് സമീപത്തുപോയി നിൽക്കുകയോ വേണ്ട. ചാരി ഇരുന്ന് ഇഷ്ടമുള്ള സ്ഥലത്തേയ്ക്ക് ഒന്ന് നോക്കിയാൽ മതി സുതാര്യമായ കണ്ണാടിചില്ലുകൾ പ്രകൃതിയുടെ ദൃശ്യസൗന്ദര്യം അതേ പടി കാണിച്ച് തരും. ഇങ്ങനെ കാഴ്ചകൾ കണ്ട് 128 കിലോമീറ്റർ ദൂരം സഞ്ചരിക്കാം.
40 സീറ്റുള്ള ഒറ്റക്കോച്ച് ട്രെയിനാണിത്. ഉടൻ തന്നെ ഇന്ത്യയുടെ വടക്ക് കിഴക്കൻ പ്രദേശങ്ങളിലും ഇത്തരം ട്രെയിനുകളുടെ സർവീസ് ആരംഭിക്കുമെന്ന് സർവീസ് ഉദ്ഘാടനം ചെയ്ത ഇന്ത്യൻ റെയിൽവേമന്ത്രി സുരേഷ് പ്രഭു വ്യക്തമാക്കി. സഞ്ചാരികളെ ആകർഷിക്കാനാണ് റെയിൽവേ ഈ പുതിയ തരം കോച്ചുകൾ അവതരിപ്പിച്ചത്. നാല് കോടിരൂപയാണ് ഒരു കോച്ചിന്റെ നിർമാണചെലവ്. രാജകീയമായ ഇരിപ്പിടങ്ങളും അനുബന്ധ സൗകര്യങ്ങളുമാണ് ഈ കോച്ചിൽ സജ്ജീകരിച്ചിരിക്കുന്നത്.
ലോകത്ത് ആദ്യമായാണ് മേൽക്കൂരയും സൈഡുകളും മുഴുവൻ വ്യക്തമായി കാഴ്ച്ച ലഭിക്കുന്ന ഗ്ലാസുകൾ കൊണ്ട് നിർമിച്ചിരിക്കുന്ന ട്രെയിൻ നിർമിച്ചിരിക്കുന്നത്. യൂറോപ്യൻ ടൂർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ട്രെയിനിനെക്കുറിച്ച് വൻ വാർത്താ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്.
റിപ്പോർട്ട്: ജോർജ് ജോണ്