കൊച്ചി: ഇടുക്കി രാജപ്പാറയിലെ റിസോര്‍ട്ടിലെ നിശാപാര്‍ട്ടിയില്‍ പങ്കെടുത്തതു തെറ്റിദ്ധരിപ്പിക്കപ്പെട്ടതിനാലാണെന്ന് യുക്രൈന് നര്‍ത്തകി ഗ്ലിന്‍ക വിക്ടോറിയ.
സിനിമാ ഷൂട്ടിംഗിന്റെ റിഹേഴ്സലാണെന്ന് പറഞ്ഞാണ് സംഘാടകര്‍ വിളിച്ചത്. റിസോര്‍ട്ടില്‍ എത്തിയപ്പോള്‍ ചെറിയ കൂട്ടായ്മയാണെന്ന് അറിഞ്ഞു. വേദിയിലെത്തിയപ്പോഴാണ് വലിയ ആള്‍ക്കൂട്ടത്തെ കണ്ടത്. ആ ഘട്ടത്തില്‍ പിന്മാറാന് കഴിയുമായിരുന്നില്ല. നൃത്തം ചെയ്യേണ്ടി വന്നുവെന്നും അവര്‍ പറഞ്ഞു.
രണ്ടു ദിവസം അവിടെ താമസിച്ചു കൊച്ചിയിലേക്ക് മടങ്ങിയ താന്‍ നിശാ പാര്‍ട്ടിയില്‍ നൃത്തം ചെയ്തതിനു പ്രതിഫലം വാങ്ങിയില്ലെന്നും ഗ്ലിന്‍ക പറഞ്ഞു.
അഞ്ചു വര്‍ഷം കേരളത്തിലുണ്ടാകും
അഞ്ചു മാസം മുമ്പാണ് ഉക്രൈന് സ്വദേശിയായ ഗ്ലിന്‍ക വിക്ടോറിയ കൊച്ചിയില്‍ എത്തുന്നത്. അഞ്ചു വര്‍ഷത്തെ ടൂറിസ്റ്റ് വീസയിലാണ് 29കാരിയായ ഇവര്‍ എത്തിയിരിക്കുന്നത്. മലയാള സിനിമയോടും കേരളത്തോടുമുള്ള ഇഷ്ടമാണ് ഗ്ലിന്കയെ കേരളത്തിലെത്തിച്ചത്.
ഫെബ്രുവരിയില്‍ കേരളത്തിലെത്തിയ താന്‍ ഒരു മലയാള സിനിമയില്‍ അഭിനയിച്ചുവെന്നും ഇവർ പറയുന്നു. അങ്ങനെ സിനിമാ മേഖലയിലുള്ളവരുമായുള്ള ബന്ധങ്ങള്‍ വഴി സിനിമയില്‍ അവസരങ്ങള്‍ തേടുന്നതിനിടയിലാണ് രാജപ്പാറയിലെത്തിയത്.
യുക്രൈനിലെ ഒരു പ്രഫഷണല്‍ നര്‍ത്തകി കൂടിയാണ് ഗ്ലിന്‍ക. ആറു വയസു മുതല്‍ നൃത്തം അഭ്യസിക്കുന്നു. ഇരുപത്തിമൂന്നു വര്‍ഷമായി നൃത്ത രംഗത്തു സജീവമാണെന്നും അവര്‍ അറിയിച്ചു.
വിവാദമറിഞ്ഞത് മാധ്യമങ്ങൾ വഴി
താന്‍ പങ്കെടുത്ത പരിപാടി വിവാദമായെന്ന് അറിയുന്നതു മാധ്യമങ്ങളിലും മറ്റും വന്നതോടെയാണെന്നാണ് ഗ്ലിന്‍ക പറയുന്നു. കേരളത്തോടും മലയാള സിനിമയോടും ഇപ്പോഴും ഇഷ്ടമാണ് ഗ്ലിന്കയ്ക്ക്.
കൊച്ചിയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ആയുര്‍വേദ മര്‍മ, യോഗ എന്നിവ പഠിക്കാനായി സ്ഥാപനത്തില്‍ ചേര്‍ന്നിട്ടുമുണ്ട്. ഫോര്‍ട്ടുകൊച്ചിയിലെ ഒരു സ്വകാര്യ ഹോം സ്റ്റേയില്‍ നിലവില്‍ കോവിഡ് നിരീക്ഷണത്തിലാണിവര്‍.
അറസ്റ്റ്, അടപ്പിക്കല്‍
മന്ത്രി എം.എം. മണിയാണ് ഓണ്‍ലൈന്‍ വഴി ചതുരംഗപ്പാറയിലെ തണ്ണിക്കോട്ട് മെറ്റല്‍സിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഉദ്ഘാടനത്തോടനുബന്ധിച്ചാണ് കഴിഞ്ഞ മാസം 28ന് രാജപ്പാറയിലെ ജംഗിള്‍ പാലസ് റിസോര്‍ട്ടില്‍ നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും നടന്നത്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന കര്‍ശന നിര്‍ദേശം നിലനില്‍ക്കുമ്പോഴാണ് നൂറിലേറെ പേരെ പങ്കെടപ്പിച്ചു നിശാപാര്‍ട്ടി സംഘടിപ്പിച്ചത്. പാര്‍ട്ടി സംഘടിപ്പിച്ച 47 പേര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. ഇതില്‍ 28 പേരെ അറസ്റ്റു ചെയ്യുകയും പിന്നീട് സ്റ്റേറഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്തിരുന്നു. ഇനി 19 പേരെക്കൂടി അറസ്റ്റ് ചെയ്യാനുണ്ട്.
എന്നാല്‍, പല പ്രമുഖരെയും ഒഴിവാക്കിയാണ് അറസ്റ്റ് നടന്നതെന്നു കോണ്‍ഗ്രസും ബിജെപിയും ആരോപിക്കുന്നു. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച ക്രഷര്‍ റവന്യു വകുപ്പ് അടപ്പിക്കുകയും ജംഗിള്‍ പാലസ് റിസോര്‍ട്ടിന് പഞ്ചായത്ത് സ്റ്റോപ് മെമോ നല്‍കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ, നിശാപാര്‍ട്ടി കേസിൽ യു ക്രയിന്‍ നര്ത്തകിയില്നിന്നു മൊഴിയെടുക്കുകയോ അവരെ പ്രതി ചേര്‍ക്കുകയോ ചെയ്തിട്ടില്ല. സ്ത്രീകളെ പ്രദര്‍ശന വസ്തുവാക്കുന്നതിനെതിരേയുള്ള വകുപ്പുകള്‍ ചുമത്തണമെന്നു വനിതാ സെല്‍ എസ്പി നിര്‍ദേശം നല്‍കിയിരുന്നെങ്കിലും പോലീസ് ഇതു പരിഗണിച്ചി ട്ടില്ല.