മലപ്പുറം: ഗൾഫ് നാടുകളിൽ നിന്നു ജോലി നഷ്ടപ്പെട്ടു മടങ്ങിയെത്തുന്ന പ്രവാസികളെ സഹായിക്കാൻ കെഎംസിസി ഉൾപ്പെടെയുള്ള സംഘടനകൾ സ്വന്തമായ പദ്ധതികൾ നാട്ടിൽ നടപ്പാക്കണമെന്നു യു.എ.ഇ മുൻ ഇന്ത്യൻ അംബാസഡർ ടി.പി സീതാറാം പറഞ്ഞു. മുസ്ലിംലീഗ് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ (ഇ.അഹമ്മദ് നഗർ) നടന്ന കെഎംസിസി മലപ്പുറം ജില്ലാ ഗ്ലോബൽ കോണ്‍ഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസം പ്രയാസങ്ങൾ നേരിടുന്ന ഇക്കാലത്ത് സർക്കാരുകളിൽ നിന്ന് നാമമാത്ര സഹായമാണ് പ്രവാസികൾക്ക് ലഭിക്കുന്നത്. സാന്പത്തിക അച്ചടക്കം പാലിച്ച് ജീവിക്കാനും അനാവശ്യചെലവുകൾ ചുരുക്കി കുടുംബ ബജറ്റുകൾ ക്രമീകരിക്കാനും പ്രവാസികൾ തയാറാവണമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സംഗമം ഉദ്ഘാടനം ചെയ്തു. പി.വി അബ്ദുൾ വഹാബ് എംപി അധ്യക്ഷത വഹിച്ചു.
ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. ഡോ. പുത്തൂർ റഹ്മാൻ (പ്രവാസി നേരിടുന്ന പ്രശ്നങ്ങൾ, പരിഹാരങ്ങൾ), അൻവർ നഹ(പ്രവാസത്തിന്റെ വർത്തമാനം, ഭാവി) എന്നിവർ വിഷയാവതരണം നടത്തി. കെ.പി മുഹമ്മദ് കുട്ടി, യു.എ നസീർ, ഇബ്രാഹിം മുഹമ്മദ്, ഷുക്കൂർ കല്ലിങ്ങൽ അബുദാബി, ഉസ്മാൻ മഹായിൽ, സി.പി മുസ്തഫ റിയാദ്, ഗഫൂർ പട്ടിക്കാട്, എ.കെ നാസർ ഹാജി, അയ്യൂബ് പുതുപ്പറന്പ്, ഷറഫുദ്ദീൻ കണ്ണേത്ത് തുടങ്ങിയവർ സംസാരിച്ചു.
സമ്മേളനത്തോടനുബന്ധിച്ച് നടന്ന യുവജന സമ്മേളനം മുസ്ലിംയൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അൻവർ മുള്ളന്‍പാറ അധ്യക്ഷത വഹിച്ചു. ഇംതിയാസ് അഹമ്മദ് തെളുങ്കാന മുഖ്യാതിഥിയായിയിരുന്നു. കെ.എം ഷാജി എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.
സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, കെ.പി.എ മജീദ്, യു.എ ലത്തീഫ്, എൻ. ഷംസുദ്ദീൻ എംഎൽഎ, സി. മമ്മൂട്ടി എംഎൽഎ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി അഹമ്മദ് കുരിക്കൾ നഗറിൽ നടന്ന ജില്ലാ വികസന സെമിനാർ പി.കെ.കുഞ്ഞാലിക്കുട്ടി എംപി ഉദ്ഘാടനം ചെയ്തു.സമ്മേളനത്തിന്റെ അഞ്ചാം ദിനമായ ഇന്ന് വനിതാ, തൊഴിലാളി, കർഷക സമ്മേളനങ്ങൾ നടക്കും.