കൊച്ചി: ചിട്ടി കമ്പനി നടത്തി പണം തട്ടിയ കേസില്‍ ഒന്നാം പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
ഒന്നാം പ്രതിയായ സിസിലി ഒളിവില്‍ കഴിയുന്ന സ്ഥലത്തേക്കുറിച്ച് എറണാകുളം സൗത്ത് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
പ്രതി പ്രായാധിക്യമുള്ള ആളായതിനാല്‍ ഇവര്‍ സ്റ്റേഷനില്‍ ഹാജരാകുന്നതിനുള്ള നോട്ടീസ് പോലീസ് ഇന്നു നല്‍കും.
എന്നിട്ടും ഹാജരായില്ലെങ്കില്‍ അറസ്റ്റ് നടപടികളിലേക്കാണ് നീങ്ങാനാണ് പോലീസ് ശ്രമിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഇവരുടെ മക്കളും തേവര കോന്തുരുത്തി കാട്ടിപ്പറമ്പില്‍ ബോണി(47), ടോണി (48) എന്നിവരെ കഴിഞ്ഞ ദിവസം സൗത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇവരുടെ മുന്‍കൂര്‍ ജാമ്യം കോടതി തള്ളിയതോടെ പ്രതികള്‍ കീഴടങ്ങുകയായിരുന്നു.
കോന്തുരുത്തി പള്ളിക്ക് സമീപം ഗ്ലോറിയ ചിറ്റ്സ് എന്ന കമ്പനി വഴി ആളുകളെ കബളിപ്പിച്ച് തട്ടിപ്പ് നടത്തിയ സംഭവത്തിലാണ് അറസ്റ്റ്.
ഭക്തിയുടെയും കൗണ്‍സിലിംഗിന്റെയും പേരില്‍ ആളുകളെ അടുപ്പിച്ച് ഇവരെ ചിട്ടിയില്‍ ചേര്‍ക്കുകയായിരുന്നു പ്രതികളുടെ രീതി.
അടവുകള്‍ പൂര്‍ത്തിയായ ചിട്ടിപ്പണം നല്‍കാതെ പുതിയ ചിട്ടിയില്ച്ചേര്ത്തും ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്തുമായിരുന്നു തട്ടിപ്പ്.
കോന്തുരുത്തി പരിസരങ്ങളിലുള്ള സാധാരണക്കാരും കൂലിപ്പണിക്കാരുമാണ് തട്ടിപ്പിന് ഇരയായത്. വിവാഹ ആവശ്യത്തിനും കുട്ടികളുടെ പഠനാവശ്യത്തിനുമായി ചിട്ടിപിടിച്ചവര്‍ പണം ആവശ്യപ്പെട്ടതിന് പിന്നാലെ സഹോദരങ്ങള്‍ ഒളിവില്‍പോയി.
ബംഗളൂരുവിലും പിന്നിട് മൈസൂരു, ഗൂഡല്ലുര്‍ എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇവര്‍. പ്രതികള്‍ അറസ്റ്റിലായത് അറിഞ്ഞ് നിരവധിപ്പേര്‍ പരാതിയുമായി എത്തുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.
നിലവില്‍ 60 പരാതികളാണ് പോലീസിന് ലഭിച്ചിരിക്കുന്നതെന്ന് സൗത്ത് ഇന്‍സ്പെക്ടര്‍ എം.എസ്. ഫൈസല്‍ പറഞ്ഞു.