ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികൾക്കായുള്ള ഗ്ളൂക്കോസ് ഉപയോഗിക്കാതെ മാലിന്യക്കൂന്പാരത്തിൽ നിക്ഷേപിച്ച സംഭവത്തിൽ അന്വേഷണം നടത്തുവാൻ ആശുപത്രി അധികൃതർക്ക് നിർദേശം നൽകിയതായി കേരള സ്റ്റേറ്റ് മെഡിക്കൽ സർവീസ് കോർപറേഷൻ മാനേജർ അജി അറിയിച്ചു.
സർക്കാർ നൽകുന്ന ഒരു ഗുളിക പോലും പാഴാക്കുകയോ അലക്ഷ്യമായി സൂക്ഷിക്കുവാനോ പാടില്ലാ യെന്നുള്ളപ്പോഴാണ് കോട്ടയം മെഡിക്കൽ കോളജ് മെഡിക്കൽ സ്റ്റോർ അധികൃതരുടെ ഭാഗത്തുനിന്ന് ഇത്തരം ഗുരുതരമായ വീഴ്ചയുണ്ടായതെന്ന് അദ്ദേഹം രാഷ്ട്രദീപികയോട് പറഞ്ഞു.
കോർപറേഷൻ അതാത് മെഡിക്കൽ സ്റ്റോർ റൂമുകളിൽ എത്തിക്കുന്ന മരുന്നുകളും രോഗികൾക്കാവശ്യമായ മറ്റ് അനുബന്ധ സാമഗ്രികളും സ്റ്റോർ റൂമിൽ നിന്നും ബന്ധപ്പെട്ട വാർഡുകളുടെ ചുമതലയുള്ള ഹെഡ് നഴ്സുമാരുടെ നേതൃത്വത്തിലാണ് വാർഡുകളിൽ എത്തിക്കുന്നത്.
പക്ഷേ ഇത്രയധികം ഗ്ളൂക്കോസ് കെട്ടിടം പണി നടക്കുന്ന പഴയ അത്യാഹിത വിഭാഗത്തിൽ അലക്ഷ്യമായി മറ്റ് ഖരമാലിന്യത്തോടൊപ്പം വരാനുണ്ടായ സാഹചര്യം അറിയില്ലെന്ന് സ്റ്റോറിന്റെ ചുമതലയുള്ളവർ അറിയിച്ചതായും മാനേജർ പറഞ്ഞു.
2018 മാർച്ച് മുതൽ 2021 മാർച്ച് വരെ ഉപയോഗിക്കുവാൻ കാലാവധിയുള്ള 100 കണക്കിന് ഗ്ളൂക്കോസ് കുപ്പികളാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെട്ടത്. ഇന്നലെ ഇതുസംബന്ധിച്ച് രാഷ്ട്രദീപിക റിപ്പോർട്ട് ചെയ്തിരുന്നു ഇതിനെ തുടർന്നാണ് കോർപറേഷൻ അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടത്.