ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കാലാവധി കഴിയാത്ത ഗ്ളൂക്കോസ് മാലിന്യക്കൂന്പാരത്തിൽ കാണപ്പെട്ട വിവാദ സംഭവത്തിൽ ആശുപത്രി അധികൃതർ അന്വേഷണം ആരംഭിച്ചു. ബന്ധപ്പെട്ട ജീവനക്കാരിൽ നിന്ന് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
കാലാവധി കഴിയാത്ത ഗ്ളൂക്കോസ് മാലിന്യക്കൂന്പാരത്തിൽ കാണപ്പെട്ട സംഭവത്തെക്കുറിച്ച് രാഷ്ട്രദീപിക റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേരള സ്റ്റേറ്റ് മെഡിക്കൽ സർവീസ് കോർപ്പറേഷൻ ജനറൽ മാനേജർ അജി ജോർജ് മെഡിക്കൽ കോളജ് അധികൃതരോട് വിശദീകരണം ചോദിച്ചിരുന്നു. തുടർന്നാണ് ആശുപത്രി അധികൃതർ അന്വേഷണം നടത്താൻ തീരുമാനിച്ചത്.
2018 മാർച്ച് മുതൽ 2021 മാർച്ച് വരെ കാലാവധിയുള്ള ഒരു ലോഡ് ഗ്ളൂക്കോസാണ് മാലിന്യം നിക്ഷേപിക്കുന്ന കുഴിയിൽ കണ്ടെത്തിയത്. കെട്ടിട നിർമാണത്തിനെത്തിയ ഇതര സംസ്ഥാന തൊഴിലാളികളാണ് ഇത് മാലിന്യക്കുഴിയിൽ തള്ളിയതെന്നു പറയുന്നു. പഴയ അത്യാഹിത വിഭാഗം സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്നതാണ് ഗ്ലൂക്കോസ്. പുതിയ അത്യാഹിത വിഭാഗം ആരംഭിച്ചതോടെ പഴയ അത്യാഹിത വിഭാഗത്തിന്റെ പുനർനിർമാണം നടന്നു വരികയാണ്.
നിർമാണത്തിനെത്തിയ തൊഴിലാളികൾ സ്റ്റോർ റൂം പൊളിച്ചപ്പോഴാണ് അവിടെ സൂക്ഷിച്ചിരിന്ന ഒരു ലോഡിലധികം വരുന്ന ഗ്ളൂക്കോസ് അവിടെ നിന്നും മാലിന്യക്കൂന്പാരത്തിൽ കൊണ്ടുപോയി തളളിയത്. മാലിന്യക്കൂന്പാരത്തിൽ തള്ളിയതിനു ശേഷവും ഈസ്റ്റോർ റൂമിന്റെ പരിസരത്ത് 100 കണക്കിന് ഗ്ളൂക്കോസ് കുപ്പികൾ ചിതറി കിടക്കുകയായിരുന്നു. ഇതിന്റെ ചിത്രമാണ് പുറത്തു വന്നത്. അത്യാഹിത വിഭാഗം മാറ്റിയപ്പോൾ അവിടെയുണ്ടായിരുന്ന മരുന്ന് അടക്കമുള്ള സാധനങ്ങൾ മാറ്റുന്നതിലുണ്ടായ വീഴ്ചയാണ് ഇതിനു പിന്നലെന്നു സംശയിക്കുന്നു.