ന്യൂഡൽഹി: അമേരിക്കൻ വാഹന നിർമാതാക്കളായ ജനറൻ മോട്ടോഴ്സ് ഇന്ത്യയിലെ വില്പന നിർത്തുന്നു. ആഗോളതലത്തിൽ തന്നെ ഇന്ത്യൻ വാഹന വിപണിയുടെ വളർച്ച ചർച്ചയാകുന്ന സാഹചര്യത്തിലാണ് രാജ്യത്ത് രണ്ടു പതിറ്റാണ്ടിലേറെ വില്പന പാരന്പര്യമുള്ള ജനറൽ മോട്ടോഴ്സ് പിന്മാറുന്നത്. എന്നാൽ, ഉത്പാദനം തുടരാനാണ് കന്പനിയുടെ തീരുമാനം.
ഇന്ത്യയിലെ വില്പന ഇടിവാണ് കന്പനിയുടെ തീരുമാനത്തിനു പിന്നിൽ. പിന്നിട്ട സാന്പത്തിക വർഷത്തിൽ മറ്റ് കന്പനികൾ ലക്ഷങ്ങളുടെ കണക്ക് നിരത്തിയപ്പോൾ 25,823 കാറുകൾ മാത്രമാണ് ഷെവർലെയ്ക്കു പുറത്തിറക്കാൻ സാധിച്ചത്. ആഭ്യന്തര വില്പനയിലുണ്ടായ തിരിച്ചടിയിൽനിന്നു അല്പം ആശ്വാസമായത് കയറ്റുമതി മാത്രമാണ്. 2015-16 സാന്പത്തിക വർഷത്തിൽ 37,052 കാറുകൾ കയറ്റുമതി ചെയ്ത സ്ഥാനത്ത് കഴിഞ്ഞ സാന്പത്തികവർഷം അത് 70,969 എണ്ണമായി ഉയർന്നിരുന്നു.
കയറ്റുമതിയിലുണ്ടായ ഉയർച്ചയാണ് ഉത്പാദനം തുടരാൻ കന്പനിയെ പ്രേരിപ്പിക്കുന്നത്. കാറുകൾ തദ്ദേശിയമായി നിർമിച്ച് മെക്സികോ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനാണ് കന്പനി ലക്ഷ്യം വയ്ക്കുന്നത്. വർഷം 1,30,000 കാറുകൾ പുറത്തിറക്കാൻ ശേഷിയുള്ള പ്ലാന്റാണ് ജനറൽ മോട്ടോഴ്സിന് ടെലഗോണിലുള്ളത്.
ഈ തീരുമാനം ഷെവർലെ കാർ ഉപയോഗിക്കുന്നവരെ ബാധിക്കില്ല. ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പു വരുത്താൻ കന്പനി പ്രതിജ്ഞാബദ്ധമാണ്. ഉത്പാദനം തുടരുന്നതിനൊപ്പം കാറുകളുടെ സർവീസ്, ഗാരന്റി തുടങ്ങിയവ ലഭ്യമാക്കുമെന്നും കന്പനി അറിയിച്ചു.
കന്പനിയുടെ ഈ തീരുമാനത്തെത്തുടർന്ന് പല പദ്ധതികളിലും മാറ്റം വരും. ഇന്ത്യൻ വിപണിയിൽ സജീവവമാകുന്നതിന്റെ ഭാഗമായി ഇറക്കാനിരുന്ന പുതിയ മോഡലുകൾ ഇന്ത്യയിൽ ഇറക്കില്ലെന്നു ജിഎം മോട്ടോഴ്സ് ഗ്ലോബൽ പ്രസിഡന്റ് ഡാൻ അമാൻ അറിയിച്ചു.ഇതോടെ, 2016ലെ ഡൽഹി ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച ഷെവർലെയുടെ പുതിയ ബീറ്റ്, എസൻഷ്യ, ബീറ്റ് ആക്ടീവ് എന്നീ മോഡലുകളുടെ കാര്യത്തിലും അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്.