കൊച്ചി: ജിഎൻപിസി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) അഡ്മിൻ നേമം കാരയ്ക്കമണ്ഡപം സ്വദേശി അജിത് കുമാർ രാജ്യം വിട്ടതായി സൂചന. ഇതേതുടർന്നു പോലീസും എക്സൈസും എമിഗ്രേഷന്‍ വിഭാഗത്തില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചു. ജിഎൻപിസി മദ്യപാനത്തെ പ്രോത്സാഹിക്കുന്നെന്ന് കാണിച്ച് എക്സൈസ് അജിത് കുമാറിനെതിരെ കേസെടുത്തിരുന്നു.
സോഷ്യൽ മീഡിയയിലൂടെ മദ്യപാനത്തിനും മദ്യപിക്കുന്നവർക്കും പ്രോത്സാഹനം നൽകുന്ന ജിഎൻപിസി എന്ന ഫേസ്ബുക്ക് കൂട്ടായ്മക്കെതിരേ എക്സൈസ് വകുപ്പ് കേസെടുത്തതോടെ അജിത് കുമാർ ഒളിവിലായിരുന്നു. അജിത് മുൻകൂർ ജാമ്യം തേടി നേരത്തെ കോടതിയെ സമീപിച്ചിരുന്നു.
അജിത് കുമാറിനെതിരെയും ഭാര്യ വിനിതയ്ക്കെതിരെയുമാണ് എക്സൈസ് കേസെടുത്തിരിക്കുന്നത്. മദ്യവിൽപ്പനയ്ക്ക് പ്രോത്സാഹനം നൽകുന്ന തരത്തിൽ കുട്ടികളെ ഉപയോഗിച്ചതിന് ജുവനൈൽ ജസ്റ്റീസ് ആക്ട് 78, ശവക്കല്ലറയുടെ പുറത്തിരുന്ന് മദ്യപിക്കുക വഴി മതസ്പർധയും ലഹളയും ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചതിന് ഐപിസി 153, പൊതുസ്ഥലത്തുള്ള മദ്യപാനത്തിന് കേരള അബ്കാരി വകുപ്പ് എന്നിവ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.