കണ്ണൂർ: സോഷ്യൽ മീഡിയയിലൂടെ മദ്യപാനത്തിനും മദ്യപിക്കുന്നവർക്കും പ്രോത്സാഹനം നൽകുന്ന ജിഎൻപിസി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) എന്ന ഫേസ്ബുക്ക് പേജിൽ ഒടുവിൽ അഡ്മിന്റെ തിരുത്ത്. മദ്യവുമായി ബന്ധപ്പെട്ട പോസ്റ്റുകൾ അനുവദനീയമല്ലെന്ന് ഗ്രൂപ്പ് അഡ്മിൻ ടി.എൽ. അജിത്ത്കുമാർ ഫേസ്ബുക്ക് പേജിൽ അറിയിച്ചു.
ജിഎൻപിസി മദ്യപാനത്തിനും മദ്യപിക്കുന്നവർക്കും പ്രോത്സാഹനം നൽകുന്നതായും ഇതിനെക്കുറിച്ച് അന്വേഷിക്കാൻ എക്സൈസ് കമ്മീഷ്ണർ ഋഷിരാജ് സിംഗ് നിർദേശം നൽകിയതായും രാഷ്ട്രദീപിക ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ തുടർന്നായിരുന്നു ഗ്രൂപ്പ് അഡ്മിൻ മദ്യവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റുകളും ഗ്രൂപ്പിൽ അനുവദനീയമല്ല എന്നറിയച്ചത്.
ജിഎൻപിസിക്കെതിരേ എക്സൈസ് വകുപ്പ് നടപടിയെടുക്കുമെന്ന വാർത്ത രാഷ്ട്രദീപിക പ്രസിദ്ധീകരിച്ചതിനെ തുടർന്ന് ഇതേ പേജിൽ രാഷ്ട്രദീപികയ്ക്കെതിരേ വ്യാപകമായും വിമർശനങ്ങൾ ഉണ്ടായിരുന്നു. എന്നാൽ മദ്യം പ്രചരിപ്പിക്കുന്നത് തെറ്റാണെന്ന് ഗ്രൂപ്പ് അഡ്മിൻ തന്നെ പേജിൽ പറയുന്നു.
ജിഎൻപിസി ഗ്രൂപ്പ് അഡ്മിൻ ടി.എൽ. അജിത്ത്കുമാറിന്റെ പോസ്റ്റ് ഇങ്ങനെ;
സ്നേഹമുള്ള ചങ്കുകളുടെ ശ്രദ്ധയ്ക്ക്; മദ്യവും ആയി ബന്ധപ്പെട്ട ഒരു പോസ്റ്റുകളും ഗ്രൂപ്പിൽ അനുവദനീയമല്ല. സ്വാദിഷ്ടമായ ഭക്ഷണവും ഭക്ഷണങ്ങളോടൊപ്പം രുചികരമായ പാനീയങ്ങളും അവയുടെ ചിത്രങ്ങളും യാത്രകളും കഥകളും ട്രോളുകളും പോഷ്ട് ചെയ്യേണ്ട ഗ്രൂപ്പാണിത്.
ഇവിടെ രാഷ്ട്രീയമില്ല, മതമില്ല, ജാതിയില്ല, ആണ് പെണ്ണ് എന്ന വ്യത്യാസവും ഇല്ല, പണക്കാരെന്നോ പാവപ്പെട്ടവരെന്നോ ഇല്ല, എല്ലാരും തുല്യർ, കുറച്ചു സ്നേഹം ഉള്ള സന്തോഷം മാത്രം ആഗ്രഹിക്കുന്ന മനുഷ്യർ മാത്രം….
ല