ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും ഒടുവില്‍ തെറ്റുതിരുത്തി, അഡ്മിന്റെ തിരുത്ത് വന്നത് രാഷ്ട്രദീപിക വാര്‍ത്തയെത്തുടര്‍ന്ന്, മദ്യവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ അനുവദനീയമല്ലെന്ന് വിശദീകരണം

സോഷ്യല്‍ മീഡിയയിലൂടെ മദ്യപാനത്തിനും മദ്യപിക്കുന്നവര്‍ക്കും പ്രോത്സാഹനം നല്‍കുന്ന ജിഎന്‍പിസി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) എന്ന ഫേസ്ബുക്ക് പേജില്‍ ഒടുവില്‍ അഡ്മിന്റെ തിരുത്ത്. മദ്യവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ അനുവദനീയമല്ലെന്ന് ഗ്രൂപ്പ് അഡ്മിന്‍ ടി.എല്‍. അജിത്ത്കുമാര്‍ ഫേസ്ബുക്ക് പേജില്‍ അറിയിച്ചു. ജിഎന്‍പിസി മദ്യപാനത്തിനും മദ്യപിക്കുന്നവര്‍ക്കും പ്രോത്സാഹനം നല്‍കുന്നതായും ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ എക്‌സൈസ് കമ്മീഷ്ണര്‍ ഋഷിരാജ് സിംഗ് നിര്‍ദേശം നല്‍കിയതായും രാഷ്ട്രദീപിക ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതിനെ തുടര്‍ന്നായിരുന്നു ഗ്രൂപ്പ് അഡ്മിന്‍ മദ്യവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റുകളും ഗ്രൂപ്പില്‍ അനുവദനീയമല്ല എന്നറിയച്ചത്. ജിഎന്‍പിസിക്കെതിരേ എക്‌സൈസ് വകുപ്പ് നടപടിയെടുക്കുമെന്ന വാര്‍ത്ത രാഷ്ട്രദീപിക പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് ഇതേ പേജില്‍ രാഷ്ട്രദീപികയ്‌ക്കെതിരേ വ്യാപകമായും വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ മദ്യം പ്രചരിപ്പിക്കുന്നത് തെറ്റാണെന്ന് ഗ്രൂപ്പ് അഡ്മിന്‍ തന്നെ പേജില്‍ പറയുന്നു.

ജിഎന്‍പിസി ഗ്രൂപ്പ് അഡ്മിന്‍ ടി.എല്‍. അജിത്ത്കുമാറിന്റെ പോസ്റ്റ് ഇങ്ങനെ;

സ്‌നേഹമുള്ള ചങ്കുകളുടെ ശ്രദ്ധയ്ക്ക്;

മദ്യവും ആയി ബന്ധപ്പെട്ട ഒരു പോസ്റ്റുകളും ഗ്രൂപ്പില്‍ അനുവദനീയമല്ല. സ്വാദിഷ്ടമായ ഭക്ഷണവും ഭക്ഷണങ്ങളോടൊപ്പം രുചികരമായ പാനീയങ്ങളും അവയുടെ ചിത്രങ്ങളും യാത്രകളും കഥകളും ട്രോളുകളും പോഷ്ട് ചെയ്യേണ്ട ഗ്രൂപ്പാണിത്. ഇവിടെ രാഷ്ട്രീയമില്ല, മതമില്ല, ജാതിയില്ല, ആണ് പെണ്ണ് എന്ന വ്യത്യാസവും ഇല്ല, പണക്കാരെന്നോ പാവപ്പെട്ടവരെന്നോ ഇല്ല, എല്ലാരും തുല്യര്‍, കുറച്ചു സ്‌നേഹം ഉള്ള സന്തോഷം മാത്രം ആഗ്രഹിക്കുന്ന മനുഷ്യര്‍ മാത്രം….

Related posts