ഫേസ്ബുക്കില്‍ മദ്യപാനത്തെ പ്രോത്സാഹിപ്പിച്ചിരുന്ന സീക്രട്ട് ഗ്രൂപ്പായിരുന്ന ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിക്കും (ജിഎന്‍പിസി) വഴിവിട്ട പല പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നതായി സൂചന. തലസ്ഥാനത്തെ ഒരു ഫ്ളാറ്റില്‍ പലപ്പോഴും ഗ്രൂപ്പിന്റെ അഡ്മിന്മാര് ഒത്തുചേര്ന്നിരുന്നതായും ഇവിടെ മയക്കുമരുന്ന് പാര്‍ട്ടി നടന്നിരുന്നതായും പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മുമ്പ് ഈ ഗ്രൂപ്പുമായി സഹകരിച്ചിരുന്ന വ്യക്തി രാഷ്ട്രദീപികയോട് പറഞ്ഞു.
അതേസമയം ജിഎന്‍പിസിക്ക് തുടക്കം മുതല്‍ വലിയ തോതില്‍ ഓണ്‍ലൈന്‍ പബ്ലിസിറ്റി നല്കിയ ഒരു ഓണ്‍ലൈന്‍ മാധ്യമവും അതിന്റെ ഉടമയും പോലീസ് നിരീക്ഷണത്തിലാണ്. ഇയാള്‍ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിക്കെട്ടി ഒളിവിലാണെന്ന സൂചനയാണ് ലഭിക്കുന്നത്.
വിശ്വസ്തരായിരുന്നവര്‍ക്ക് വേണ്ടി മയക്കുമരുന്ന് പാര്‍ട്ടികള്‍ നടത്തിയിരുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത് കേസിനെ മറ്റൊരു തലത്തിലേക്ക് നയിക്കുകയാണ്. ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ തുടക്കത്തില്‍ കരുതിയിരുന്നതില്‍ നിന്നും വ്യത്യസ്തമായിരുന്നുവെന്ന തിരിച്ചറിവില്‍ പഴുതടച്ചുള്ള അന്വേഷണത്തിനാണ് പോലീസ് ഒരുങ്ങുന്നത്. ഗ്രൂപ്പിന്റെ അഡ്മിനായ നേമം സ്വദേശി അജിത്കുമാര്‍ ഇപ്പോഴും ഒളിവിലാണ്. ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുന്നുവെന്നാണ് സൂചന.
അതേസമയം അജിത് കുമാര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ ചില മദ്യ കമ്പനികളുടെ ബ്രാന്‍ഡിന് അമിത പ്രാധാന്യം നല്‍കിയിരുന്നുവെന്ന് സൂചന. ഫേസ് ബുക്ക് പേജ് പരിശോധിച്ചതില്‍ നിന്നും ബാര്‍ ഹോട്ടല്‍ ജീവനക്കാരില്‍ നിന്നും ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ എക്സൈസ് ഇതു സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ അജിത്തും ബാറുകാരും തമ്മിലുള്ള ഒത്തുകളി നടന്നതായി സംശയിക്കപ്പെടുന്നു.
പ്രധാനപ്പെട്ട ബാര്‍ ഹോട്ടലുകളില്‍ ഉള്‍പ്പെടെ നടത്തിയ പല പാര്‍ട്ടികളുടെയും പണം മുടക്കിയത് മദ്യ കമ്പനികളാണെന്ന് സംശയിക്കുന്നതായി എക്സൈസ് പറഞ്ഞു. എന്നാല്‍ ഇതിനുള്ള വ്യക്തമായ തെളിവുകള്‍ ശേഖരിച്ച് വരികയാണെന്ന് എക്സൈസ് വൃത്തങ്ങള്‍ പറഞ്ഞു. എക്സൈസിന് പുറമെ നാര്‍കോട്ടിക് സെല്ലും പോലീസും അജിത് കുമാറിനെതിരെ കേസെടുത്തിട്ടുണ്ട്.
മറവില്‍ മദ്യവ്യാപാരം പ്രോത്സാഹിപ്പിച്ച സംഭവത്തില്‍ അഡ്മിനെതിരെ ജാമ്യമില്ല വകുപ്പ് ഉള്‍പ്പെടെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താന്‍ എക്സൈസ് തീരുമാനം. അഡ്മിന് നേമം സ്വദേശി അജിത് കുമാര്‍, ഇയാളുടെ ഭാര്യ വിനിത എന്നിവര്‍ക്കെതിരെയാണ് എക്സൈസ് കൂടുതല്‍ ഗുരുതരമായ വകുപ്പുകള്‍ ചുമത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
ഇതിന് മുന്നോടിയായി അജിത് കുമാര്‍ ഡിജെ പാര്‍ട്ടി നടത്തുകയും കൂപ്പണ്‍ നല്കി മദ്യസല്‍ക്കാരം ഒരുക്കിയ പാപ്പനംകോട്ടെ ബാറിലെ ഹോട്ടല്‍ മാനേജരില്‍ നിന്നും എക്സൈസ് മൊഴി രേഖപ്പെടുത്തി.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളില്‍ മദ്യപാന ശീലം പ്രോത്സാഹിപ്പിക്കുകയും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുകയും ഉള്‍പ്പെടെ ചെയ്തിട്ടുണ്ടെന്ന നിഗമനത്തിലാണ് കേസെടുത്തിരിക്കുന്നത്.
തെളിവുകളുടെ അടിസ്ഥാനത്തില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തുമെന്നാണ് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. അജിത് കുമാറിനോടൊപ്പം സഹകരിച്ച മറ്റ് അഡ്മിന്മാര്ക്കെതിരെയുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ശേഖരിച്ച ശേഷം കൂടുതല്‍ പേരെ പ്രതിയാക്കുമെന്ന് പോലീസ് പറഞ്ഞു.
ഫേസ് ബുക്ക് കൂട്ടായ്മയില്‍ 18 ലക്ഷത്തില്‍പ്പരം ആളുകള്‍ തന്നോടൊപ്പം ഉണ്ടെന്ന് അവകാശം ഉന്നയിച്ച് അജിത്കുമാര്‍ ബാര്‍ ഹോട്ടല്‍ ഉടമകളുമായി വിലപേശലിലൂടെയാണ് ധാരണയിലെത്തിയിരുന്നതെന്ന് എക്സൈസ് സ്ഥിരീകരിച്ചിട്ടുണ്ട്.
മദ്യപാനത്തിലേക്ക് ആളുകളെ പ്രോത്സാഹിപ്പിച്ച് കൂപ്പണ്‍ വിറ്റ് വന്‍ തുകകള്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലത്തിനിടെ ഇയാള്‍ സന്പാദിച്ചിട്ടുണ്ടെന്നാണ് എക്സൈസിന്റെ നിഗമനം. ഇയാളുടെ ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങള്‍ പോലീസും എക്സൈസും ശേഖരിച്ച് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് മരവിപ്പിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. അതേ സമയം ഒളിവില്‍ കഴിയുന്ന അജിത്കുമാറും ഭാര്യയും മുന്‍കൂര്‍ ജാമ്യത്തിന് നീക്കം ആരംഭിച്ചിട്ടുണ്ട്.