കൊച്ചി: ജിഎൻപിസി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) എന്ന ഫേസ്ബുക്ക് ഗ്രൂപ്പിനെതിരേ നേമം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഗ്രൂപ്പിന്റെ അഡ്മിനായ അജിത് കുമാറിന്റെ ഭാര്യ വിനീതയെ പ്രതി ചേർത്തിട്ടില്ലെന്നു സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.
മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ പേരിൽ ഫേസ്ബുക്ക് ഗ്രൂപ്പിനെതിരേ എക്സൈസും പോലീസും കേസെടുത്തിരുന്നു. ഇതേത്തുടർന്നു വിനീത മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. ഇതു രേഖപ്പെടുത്തിയ ഹൈക്കോടതി ഹർജി തീർപ്പാക്കി.
എക്സൈസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യം വേണമെന്ന മറ്റൊരു ഹർജി വിനീത നൽകിയിട്ടുണ്ട്. ഇതടുത്ത ദിവസം പരിഗണിക്കാനായി മാറ്റി. എക്സൈസ് രജിസ്റ്റർ ചെയ്ത കേസിൽ രണ്ടാം പ്രതിയാണ് വിനീത.