തിരുവനന്തപുരം: സോഷ്യൽ മീഡിയയിലൂടെ മദ്യപാനത്തിനും മദ്യപിക്കുന്നവർക്കും പ്രോത്സാഹനം നൽകുന്ന ജിഎൻപിസി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) എന്ന ഫെയ്സ്ബുക്ക് പേജിന്റെ അഡ്മിനെതിരെ നടപടി കടുപ്പിക്കാൻ എക്സൈസ് തീരുമാനം. ഫെയ്സ് ബുക്ക് കൂട്ടായ്മയുടെ അഡ്മിൻ നേമം കാരയ്ക്കമണ്ഡപം സ്വദേശി അജിത് കുമാർ, ഭാര്യ വിനിത എന്നിവർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുന്നതിന് സിറ്റി പോലീസ് കമ്മീഷണറോട് രേഖാമൂലം ആവശ്യപ്പെടാനാണ് എക്സൈസ് തീരുമാനിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം അജിത്കുമാറിന്റെ നേമത്തെ വസതിയിൽ എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ മദ്യവും ഭക്ഷണവും വിൽക്കാൻ ഉപയോഗിച്ച കൂപ്പണുകളും പ്രിന്ററുകളും എക്സൈസ് പിടിച്ചെടുത്തിരുന്നു. അജിത്കുമാറും വിനിതയും ഒളിവിലാണ്. ഫെയ്സ് ബുക്ക് കൂട്ടായ്മയിൽ 36 അഡ്മിൻമാർ ഉണ്ടെന്ന് എക്സൈസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
അഡ്മിൻമാരുടെ ഐഡന്റിറ്റി ഉൾപ്പെടെ അറിയാൻ സൈബർ സെല്ലിന്റെ സഹായവും തേടിയിട്ടുണ്ടെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി. പിന്നാലെ കൂടുതൽ അഡ്മിൻമാർക്കെതിരെ കൂടി അബ്കാരി നിയമ പ്രകാരം എക്സൈസ് കേസ് രജിസ്റ്റർ ചെയ്യുമെന്നും അധികൃതർ പറഞ്ഞു.
അതോടൊപ്പം തന്നെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതികളുടെ കൂടുതൽ തട്ടിപ്പ് വിവരങ്ങൾ പുറത്ത് കൊണ്ട് വരാനുമാണ് ശ്രമിക്കുന്നതെന്നും എക്സൈസിലെ ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി. 1400 രൂപയുടെ കൂപ്പണ് തങ്ങളിൽ നിന്നും വാങ്ങുന്നവർക്ക് മുന്തിയ ബ്രാൻഡിന്റെ മദ്യവും ഭക്ഷണവും ബാർ ഹോട്ടലുകളിൽ നിന്നും കഴിയ്ക്കാമെന്ന് പ്രലോഭിപ്പിച്ചായിരുന്നു അജിത്കുമാറിന്റെ പദ്ധതി.
ബാർ ഹോട്ടൽ ഉടമകളുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിൽ ഒരു വർഷക്കാലമായി അജിത്കുമാർ ഈ ബിസിനനസ്സ് നടത്തി വന്നിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. തന്റെ ഫെയ്സ് ബുക്ക് കൂട്ടായ്മയിൽ 18 ലക്ഷം അംഗങ്ങൾ ഉണ്ടെന്ന് വില പേശിയാണ് ഇയാൾ ബാർ ഹോട്ടൽ ഉടമകളുമായി ബിസിനസ്സ് ബന്ധം സ്ഥാപിച്ചിരുന്നതെന്നാണ് എക്സൈസ് വ്യത്തങ്ങൾ പറയുന്നത്. അജിത്കുമാറിന്റെ വിലപേശലിൽ ചില ബാർ ഹോട്ടൽ ഉടമകൾക്ക് നീരസം ഉണ്ടായിരുന്നുവെന്നും പറയപ്പെടുന്നുണ്ട്.