ബംഗളൂരു: യാത്രക്കാരെ കയറ്റാന്‍ മറന്ന ഗോ ഫസ്റ്റ് എയർലൈൻസിന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) 10 ലക്ഷം രൂപ പിഴയിട്ടു.
55 യാത്രക്കാരെ കയറ്റാതെ ബംഗളൂരുവിൽനിന്ന് വിമാനം പുറപ്പെട്ടതിനാണ് നടപടി. ജനുവരി ഒന്‍പതിന് ബംഗളൂരുവില്‍നിന്ന് ഡൽഹിയിലേക്ക് ടിക്കറ്റെടുത്ത 55 യാത്രക്കാര്‍ വിമാനത്തിന്റെ അടുത്തേക്ക് എത്തിക്കുന്ന ബസില്‍ ഉണ്ടായിരുന്ന സമയത്താണ് വിമാനം ടേക്ക് ഓഫ് ചെയ്ത് പോയത്.
ജി 8 116 വിമാനമാണ് യാത്രക്കാരെ മറന്ന് പറന്നുയര്‍ന്നത്. പുലര്‍ച്ചെ 6.30നുള്ള സർവീസിന് തയാറായി എത്തിയ യാത്രക്കാര്‍ക്ക് പിന്നീട് മണിക്കൂറുകള്‍ വൈകിയാണ് മറ്റ് വിമാനങ്ങളില്‍ സീറ്റ് നേടാനായത്.
സംഭവത്തെത്തുടർന്നു വ്യോമയാന മന്ത്രിയെയും പ്രധാനമന്ത്രിയെയും ടാഗ് ചെയ്ത് യാത്രക്കാര്‍ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്.
യാത്രക്കാരെയും കാര്‍ഗോയും കൃത്യമായി കൈകാര്യം ചെയ്യുന്നതില്‍ വിമാനക്കമ്പനിയുടെ ഭാഗത്ത് ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്ന് ഡിജിസിഎ വിശദമാക്കി.
യാത്രക്കാരെ വിമാനത്തില്‍ കയറ്റുന്നതിനും ലിസ്റ്റ് ചെയ്യുന്നതിലും വീഴ്ചയുണ്ടായി. ശരിയായ രീതിയിലുള്ള ആശവിനിമയം നടക്കാത്തതാണ് ഇത്തരമൊരു വീഴ്ചയ്ക്ക് കാരണമായത്.