പനാജി: ബീച്ചുകളിൽ മദ്യപിക്കുന്നതിനും ഭക്ഷണം പാചകം ചെയ്യുന്നതിനും നിരോധനം ഏർപ്പെടുത്താനൊരുങ്ങി ഗോവ. സംസ്ഥാന ടൂറിസം ആക്ട് ഭേദഗതി ചെയ്താണ് പുതിയ നിയമം പാസാക്കുന്നത്. ഇതോടെ ആർക്കും ബീച്ചുകളിൽ മദ്യക്കുപ്പികളുമായി എത്തുന്നതിനോ മദ്യം കഴിക്കുന്നതിനോ സാധിക്കില്ല. പരസ്യമായി ഭക്ഷണം പാചകം ചെയ്യാനും സാധിക്കില്ല. നിയമം ലംഘിച്ചാൽ 2000 രൂപ പിഴയോ മൂന്നുമാസം തടവോ ലഭിക്കും- ടൂറിസം മന്ത്രി മനോഹർ അജ്ഗാംവകർ പറഞ്ഞു.
മൂന്നു ദിവസത്തെ ബജറ്റ് സെഷനിൽ ഈ ബില്ലിന്റെ ഭേദഗതി സഭയുടെ മേശപ്പുറത്ത് വയ്ക്കും. ബീച്ചുകളില്‍ കുപ്പികള്‍ പൊട്ടിക്കുക, പരസ്യമായി മദ്യപാനം നടത്തുക, ഭക്ഷണം പാകം ചെയ്യുക തുടങ്ങിയവ ചെയ്യുന്നവരെ ഉദ്ദേശിച്ചാണ് ഈ ഭേദഗതി കൊണ്ടുവന്നതെന്നും മന്ത്രി പറഞ്ഞു.
ഭേദഗതി പ്രകാരം ഗോവക്കാര്‍ക്ക് കാസിനോകളില്‍ പ്രവേശിക്കാന്‍ കഴിയില്ല. കടപ്പുറത്ത് നിന്ന് മദ്യപിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തി. ഇത് ലംഘിക്കുന്നവര്‍ 2500 രുപ പിഴ അടക്കേണ്ടി വരും. ബീച്ചുകളിലും മറ്റും പരസ്യമദ്യപാനം കൂടുകയും സ്ത്രീകൾക്കുനേരെ അടിക്കടി അക്രമമുണ്ടാവുകയും ചെയ്ത സാഹചര്യത്തിലാണ് സർക്കാർ കർശന നടപടിക്കൊരുങ്ങുന്നത്.