പനാജി: ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ കേരളം വീണ്ടും തിളങ്ങി. മേളയിൽ മികച്ച നടനും സംവിധായകനുമുള്ള പുരസ്കാരങ്ങൾ മലയാള ചിത്രം ഈ.മ.യൗ സ്വന്തമാക്കി.
ചിത്രത്തിലെ അഭിനയത്തിന് ചെന്പൻ വിനോദ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ചിത്രത്തിന്റെ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകനുമുള്ള പുരസ്കാരം സ്വന്തമാക്കി. കഴിഞ്ഞ തവണ ടേക്ക് ഓഫിലെ അഭിനയത്തിന് മലയാള താരം പാർവതി മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കിയിരുന്നു.
കൊച്ചിയിലെ ചെല്ലാനം എന്ന പ്രദേശത്ത് നടക്കുന്ന കഥയിൽ ഈശി എന്ന കഥാപാത്രത്തെയാണ് ചെന്പൻ വിനോദ് അവതരിപ്പിച്ചത്. ഈശിയുടെ അപ്പൻ വാവച്ചൻ മേസ്തിരിയുടെ മരണത്തിലൂടെയും, മരണ വീടിന്റെ പരിസരങ്ങളിലൂടെയും വികസിക്കുന്ന കഥയിൽ, വിനായകൻ, ദിലീഷ് പോത്തൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.