പനാജി: കോൺഗ്രസ് ഏറെ പ്രതീക്ഷ വച്ചുപുലർത്തിയിരുന്ന സംസ്ഥാനമാണ് ഗോവ.
ഭരണം പിടിക്കാൻ കഴിയുമെന്നായിരുന്നു കോൺഗ്രസ് കണക്കുകൂട്ടിയിരുന്നത്. അതുകൊണ്ടു തന്നെ സീറ്റ് നിലയിൽ മുന്നിലെത്തിയാൽ കഴിഞ്ഞ തവണത്തെപ്പോലെ അംഗങ്ങളെ ബിജെപി ചാക്കിട്ടു പിടിച്ചുകൊണ്ടുപോകാതിരിക്കാൻ വേണ്ട മുൻകരുതലുകൾ എല്ലാം ഇത്തവണ കോൺഗ്രസ് കൈക്കൊണ്ടിരുന്നു.
ഇലക്ഷനു മുന്പു തന്നെ സീറ്റ് ലഭിച്ച എല്ലാവരെക്കൊണ്ടും ജയിച്ചുകഴിഞ്ഞാൽ കാലുമാറില്ലെന്നു പ്രതിജ്ഞയെടുപ്പിച്ചു.
പാർട്ടി തലത്തിൽ മാത്രമല്ല, പള്ളികളിലും ക്ഷേത്രങ്ങളിലും കൊണ്ടുപോയി പ്രതിജ്ഞയെടുപ്പിച്ചു.
ജയിച്ചുകഴിഞ്ഞാലുള്ള ചാക്കിട്ടു പിടിത്തവും മറകണ്ടം ചാടലും ഒഴിവാക്കാൻ കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ.ശിവകുമാറിനെ തന്നെ ഗോവയിലേക്കു മേൽനോട്ടത്തിന് അയച്ചു.
അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സ്ഥാനാർഥികളെ മുൻകൂട്ടി റിസോർട്ടിലേക്കു മാറ്റി പാർപ്പിച്ചു.
അങ്ങനെ എല്ലാ വിധ മുൻകരുതലുകൾ സ്വീകരിച്ചെങ്കിലും ജനങ്ങൾ കോൺഗ്രസിനെ വിശ്വാസത്തിലെടുക്കാൻ തയാറായില്ലെന്നാണ് കണക്കുകൾ കാണിക്കുന്നത്.
കഴിഞ്ഞ തവണ കോൺഗ്രസിനെ ജനങ്ങൾ വോട്ടു ചെയ്ത് ഏറ്റവും വലിയ ഒറ്റക്കക്ഷി ആക്കിയെങ്കിലും കോൺഗ്രസ് എംഎൽഎമാർ കൂട്ടത്തോടെ കാലുമാറി ബിജെപിയിൽ ചേർന്നു.
അങ്ങനെ ബിജെപി ഭരണം പിടിച്ചു. വെറുതെ എന്തിന് കോൺഗ്രസിന് വോട്ടു ചെയ്യണം? വോട്ടു ചെയ്താലും അവർ കോൺഗ്രസിൽ തന്നെ നിൽക്കുമെന്ന് എന്താണ് ഉറപ്പ്?
അതിൽ ഭേദം ബിജെപിക്കു ചെയ്യുന്നതല്ലേ എന്നിങ്ങനെയുള്ള ചോദ്യങ്ങൾ വോട്ടർമാർ കണക്കിലെടുത്തെന്നാണ് അവിടെനിന്നുള്ള ലീഡ് നില സൂചിപ്പിക്കുന്നത്.
നിലവിൽ 19 സീറ്റിൽ മുന്നിട്ടു നിൽക്കുകയാണ് ബിജെപി. കോൺഗ്രിനു പത്തു സീറ്റിൽ മാത്രമാണ് ലീഡുള്ളത്.
അതേസമയം, ആദ്യമായി പോരാട്ടത്തിന് ഇറങ്ങിയ തൃണമൂൽ കോൺഗ്രസ് നാലു സീറ്റിൽ ലീഡ് ചെയ്യുന്നുണ്ട്.