പനാജി: ഗോവയിലെ ബീച്ചിൽ വിദേശിയെ കൊന്നത് ക്രൂരമായ രീതിയിൽ. അവധിക്കാലം ചെലവഴിക്കാനായി എത്തിയ അയർലൻഡ് സ്വദേശിയായ യുവതിയെയാണ് ഗോവയിലെ ബീച്ചിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അയർലൻഡിലെ ഡൊനെഗൽ കൗണ്ടിയിൽപ്പെട്ട ബൻക്രാന സ്വദേശിനി ഡാനിയെല്ലെ മക്ലാഗ്ലിൻ(28) ആണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് സ്ഥലത്തെ അറിയപ്പെടുന്ന ഗുണ്ടയായ വികാസ് ഭഗതിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു പീഡനത്തിനു ശേഷമാണ് യുവതിയെ കൊന്നതെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചു. ചൊവ്വാഴ്ച രാവിലെ സൗത്ത് ഗോവയിലെ ദിയോബാഗ് ബീച്ചിനടുത്ത കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. രക്തത്തിൽ കുളിച്ച് മുഖത്തും ശിരസിലും മുറിവുകളേറ്റ് വസ്ത്രമില്ലാത്ത നിലയിലായിരുന്നു മൃതദേഹം.
ബിയർ കുപ്പി കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ ശേഷം ഇതേ കുപ്പി കൊണ്ട് മുഖവും വികൃതമാക്കി. തിരിച്ചറിയാതിരിക്കാൻ യുവതിയുടെ വസ്ത്രങ്ങൾ മാറ്റുകയും ചെയ്തിരുന്നു. എന്നാൽ യുവതി ഏറ്റവുമൊടുവിൽ ഇയാളുമായി സംസാരിച്ചുനിൽക്കുന്നത് കണ്ടതായുള്ള ദൃക്സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിലാണ് ഭഗവതിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പോലീസ് കൂടുതൽ ചോദ്യംചെയ്തുവരികയാണ്. സംഭവവുമായി കൂടുതൽ പേർക്ക് ബന്ധമില്ലെന്നാണ് പോലീസ് പറയുന്നത്.
എങ്കിലും അന്വേഷണം കൂടുതൽ നടക്കുന്നതായി പോലീസ് വ്യക്തമാക്കി. ഭഗത് ഇവിടുത്തെ സ്ഥിരം കുറ്റവാളിയാണെന്ന് നാട്ടുകാർ പറയുന്നു.തിങ്കളാഴ്ച രാത്രിയിൽ സംഭവസ്ഥലത്തുനിന്ന് ആറു കിലോമീറ്റർ അകലെയുള്ള കാനകോനയിലെ പാലോലെം ബീച്ചിൽ തദ്ദേശവാസികൾക്കൊപ്പം യുവതി ഹോളി ആഘോഷിക്കുന്നത് കണ്ടവരുണ്ട്.
ഞായറാഴ്ച ഗോവയിലെത്തിയ യുവതി നോർത്ത് ഗോവയിലെ ആരാംബോലിലുള്ള ഹോട്ടലിൽ താമസിച്ചുവരികയായിരുന്നു. ബ്രിട്ടീഷ് പാസ്പോർട്ടുള്ള യുവതി ഈ പാസ്പോർട്ട് ഉപയോഗിച്ചാണ് ഇന്ത്യയിലെത്തിയതെന്നും അതിനാൽ ബ്രിട്ടീഷ് കോണ്സുലേറ്റാണ് കാര്യങ്ങൾ അന്വേഷിക്കേണ്ടതെന്നും അയർലൻഡ് വിദേശകാര്യമന്ത്രാലയ വക്താവ് പറഞ്ഞു.
ഗോവൻ ബീച്ചുകളിൽ കൊലപാതകങ്ങൾ തുടർക്കഥയാകുകയാണ്. സ്വദേശികളും വിദേശികളുമായ നിരവധി പേരാണ് ഇതിനോടകം കൊല്ലപ്പെട്ടിട്ടുള്ളത്. പല കൊലപാതകങ്ങളും ലഹരിമാഫിയയുമായി ബന്ധപ്പെട്ടുള്ളതാണ്. 2008ൽ ബ്രിട്ടനിൽനിന്നുള്ള സ്കൂൾ വിദ്യാർഥിനി സ്കാർലറ്റ് കീലിംഗ് എന്ന 15കാരി കൊല്ലപ്പെട്ട സംഭവം രാജ്യാന്തരതലത്തിൽത്തന്നെ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തദ്ദേശവാസികളായ രണ്ടു യുവാക്കളെ അടുത്തിടെ കോടതി വെറുതെവിട്ടിരുന്നു.