കണ്ണൂർ: ട്രെയിൻ വഴി മദ്യം കടത്തുന്നതു വ്യാപകമാകുന്നു. ഗോവയിൽനിന്നുള്ള മദ്യമാണ് വിവിധ സംഘങ്ങൾ ട്രെയിനുകൾ വഴി കണ്ണൂർ, കാസർഗോഡ് ജില്ലകളിലെത്തിക്കുന്നത്. യാത്രക്കാരായ സ്ത്രീകളെ ഉപയോഗിച്ചാണ് ഇത്തരം സംഘങ്ങൾ മദ്യം എത്തിക്കുന്നത്.
കൊങ്കൺ വഴി കടന്നുപോകുന്ന ട്രെയിനുകളിൽ സെക്കൻഡ് ക്ലാസ് കന്പാർട്ടുമെന്റുകളിൽ ബർത്തിനു മുകളിലും സീറ്റുകൾക്ക് അടിയിലും വിവിധ പെട്ടികളിലും ബാഗുകളിലുമായാണ് മദ്യം കാസർഗോഡ്, കണ്ണൂർ ജില്ലകളിലെത്തിക്കുന്നത്.
മംഗളൂരു റെയിൽവേ പോലീസും കണ്ണൂർ, കാസർഗോഡ് റെയിൽവേ പോലീസും പരിശോധനകൾ നടത്തുന്നുണ്ടെങ്കിലും ഗോവൻ മദ്യകടത്ത് സജീവമായി തുടരുകയാണ്. പുത്തൻ ബ്രാൻഡുകൾ കുറഞ്ഞ നിരക്കിൽ ലഭിക്കുന്നതാണ് ഗോവൻ മദ്യം കടത്താൻ കാരണമാകുന്നത്. അതേസമയം കൊങ്കൺ വഴി വരുന്നതും പോകുന്നതുമായ എല്ലാ ട്രെയിനുകളിലും മുഴുവൻ സമയ പരിശോധന തുടരുന്നതായി റെയിൽവേ പോലീസ് അറിയിച്ചു.