നിയാസ് മുസ്തഫ
വരാനിരിക്കുന്ന ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-തൃണമൂൽ കോൺഗ്രസ് സഖ്യം വരാനുള്ള സാധ്യത അടഞ്ഞതോടെ ചതുഷ്കോണ മത്സരത്തിനുള്ള കളമൊരുങ്ങി.പശ്ചിമബംഗാളിനു പുറത്ത് ശക്തി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് തൃണമൂൽ കോൺഗ്രസ് ഗോവയെ ലക്ഷ്യംവച്ച് ചുവടുവച്ചത്.
മാസങ്ങൾക്ക് മുന്‍പുതന്നെ തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി ഇതിനായുള്ള കളം ഒരുക്കുകയായിരുന്നു. ഒറ്റയ് ക്കുനിന്ന് തെരഞ്ഞെടുപ്പിനെ നേരിടുന്നതിനേക്കാൾ നല്ലത് ബിജെപി വിരുദ്ധ ചേരിയുമായി കൂട്ടുചേർന്ന് മത്സരിക്കാനായിരുന്നു മമതയുടെ താല്പര്യം. ഇതിനായി കോൺഗ്രസ് നേതൃത്വവുമായി മമത അനൗദ്യോഗിക ചർച്ചകൾ നടത്തി.
എൻസിപി നേതാവ് ശരത് പവാർ ആയിരുന്നു ഗോവയിൽ കോൺഗ്രസ്- തൃണമൂൽ കോൺഗ്രസ് സഖ്യം വരാൻ മുൻകയ്യെടുത്തത്. എന്നാലിപ്പോൾ തൃണമൂൽ കോൺഗ്രസുമായി ഗോവയിൽ സഖ്യം വേണ്ടെന്ന നിർണായക തീരുമാനത്തിൽ കോൺഗ്രസ് എത്തിയിരിക്കുകയാണെന്നാണ് വിവരം.
ബിജെപിക്ക് സാധ്യതയേറും
ആംആദ്മി, തൃണമൂൽ കോൺഗ്രസ്, കോൺഗ്രസ്, ബിജെപി സ്ഥാനാർഥികൾ ഒാരോ നിയമസഭാ മണ്ഡലത്തിലും വരുന്നതോടെ ചതുഷ്കോണ മത്സരത്തിന് കളമൊരുങ്ങുമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. ഇതോടെ ബിജെപി വിരുദ്ധ വോട്ടുകൾ ചിതറാനും ബിജെപിക്ക് അധികാരത്തിലെത്താനുള്ള സാധ്യത ഏറു കയും ചെയ്തിട്ടുണ്ട്.
ബിജെപിയെ പരാജയപ്പെടുത്തണമെങ്കിൽ കോണ്‍ഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷം ഒറ്റക്കെട്ടായി മത്സരരംഗത്ത് നിൽക്കണമെന്ന ആവശ്യം പല കോണുകളിൽനിന്നും ഉയർന്നിരുന്നു. നേരത്തേ ബി ജെ പിയുടെ സഖ്യകക്ഷിയായിരുന്ന ഗോവ ഫോർവേഡ് പാർട്ടിയുമായി സഖ്യത്തിലാണ് ഇത്തവണ കോണ്‍ഗ്രസ് മത്സരിക്കുന്നത്.
ഗോവയിൽ ചില മേഖലകളിൽ ശിവസേനയ്ക്കും എൻ സി പിക്കും സ്വാധീനമുണ്ട്. ബി ജെ പിയെ നേരിടാൻ കോണ്‍ഗ്രസിന് തനിച്ച് സാധിക്കില്ലെന്നും അതിനാൽ കോണ്‍ഗ്രസ് തങ്ങളുമായി സഖ്യത്തിന് തയ്യാറാകണമെന്നുമുള്ള നിർദ്ദേശമാണ് ഗോവയുടെ ചുമതലയുള്ള തൃണമൂൽ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര മുന്നോട്ടുവച്ചത്.
സഖ്യം പാടില്ല
തൃണമൂലിനെതിരേ രൂക്ഷവിമർശനം ഉയർത്തുകയാണ് കോണ്‍ഗ്രസ്. ബിജെപിയുടെ ബി ടീമാണ് തൃണമൂൽ കോൺഗ്രസ് എന്ന തരത്തിലാണ് കോണ്‍ഗ്രസ് നേതാക്കൾ പ്രതികരിച്ചത്. ബി ജെ പി വിരുദ്ധ വോട്ടുകൾക്കായി തൃണമൂൽ കോണ്‍ഗ്രസ് ഞങ്ങളുമായി മത്സരിക്കുകയാണ്.
പ്രതിപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കുകയാണ് തൃണമൂലിന്റെ ലക്ഷ്യം. തൃണമൂലും ആംആദ്മിയും ബി ജെ പിയുടെ ബി ടീമാണെന്നും കോണ്‍ഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തുന്നു.എൻ സി പിക്ക് ഗോവയിൽ യാതൊരു ശക്തിയുമില്ല. അവരുടെ ഏക എം എൽ എ പോലും തൃണമൂൽ കോണ്‍ഗ്രസിൽ ചേർന്നുവെന്നും കോണ്‍ഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
എന്നിരുന്നാലും കോൺഗ്രസ് ദേശീയ നേതൃത്വവുമായി തൃണമൂൽ കോൺഗ്രസ് സഖ്യസാധ്യതകൾ ഇപ്പോഴും ചർച്ച ചെയ്യുന്നുണ്ട്. എന്നാൽ ഗോവ ഘടകത്തിന്റെ എതിർപ്പ് മറികടന്ന് കോൺഗ്രസ് ഹൈക്കമാൻഡ് തൃണമൂലുമായി യോജിച്ച് പ്രവർത്തിക്കാനുള്ള തീരുമാനം എടുക്കാൻ സാധ്യത കുറവാണ്.
തൃണമൂലുമായി സഖ്യം വന്നാൽ അത് ഗോവയിൽ കോൺഗ്രസിന്റെ നാശത്തിന് വഴിവയ്ക്കുമെന്നാണ് ഗോവ കോൺഗ്രസ് നേതാക്കൾ ഹൈക്കമാൻഡിനെ അറിയിച്ചിരിക്കുന്നത്.
2017 ൽ 40 അംഗ നിയമസഭയിൽ 17 സീറ്റുകൾ നേടി കോണ്‍ഗ്രസ് ആയിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. എന്നാൽ പ്രാദേശിക കക്ഷികളുമായി സഖ്യത്തിലെത്തി ബി ജെ പി സംസ്ഥാന ഭരണം പിടിച്ചെടുക്കുകയായിരുന്നു.