ഫതോർഡ: ഗോവയിലെ ജവഹാർലാൽ നെഹ്റു സ്റ്റേഡിയം ഗോൾ പ്രളയത്തിൽ. ഏഴു ഗോളുകൾ പിറന്ന മത്സരത്തിൽ ബംഗളൂരു എഫ്സിയെ മൂന്നിനെതിരെ നാലു ഗോളുകൾക്ക് ഗോവ പരാജയപ്പെടുത്തി. ഗോളി ഗുർപ്രീത് സിംഗ് മാച്ചിംഗ് ഓർഡർ ലഭിച്ചു പുറത്തുപോയതോടെ പത്തുപേരായി ചുരുങ്ങിയ ബംഗളൂരു പോരുതി തോൽക്കുകയായിരുന്നു.
സീസണിലെ ആദ്യ ഹാട്രിക്ക് നേട്ടം കൈവരിച്ച ഫെറാൻ കൊറാമിനാസാണ് ഗോവയുടെ വിജയശില്പി. കളിയുടെ 16, 33, 63 മിനിറ്റുകളിലാണ് കൊറാമിനാസ് ബംഗളൂരുവല ചലിപ്പിച്ചത്. മാനുവൽ ലാൻസറോറ്റെ ഗോവയുടെ നാലാം ഗോൾ നേടി. ബംഗളൂരുവിനായി മിക്കുവും എറിക് പർതാലുവുമാണ് ഗോൾ നേടിയത്.
ആദ്യപകുതിയിൽ ഗോവ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് മുന്നിലായിരുന്നു. രണ്ടാം പകുതിയിൽ തുടക്കത്തിൽ ബംഗളൂരു ലീഡ് രണ്ടായി കുറച്ചു. എറിക് പർതാലു കോർണറിനു തലവച്ചാണ് ഗോൾ നേടിയത്. മിനിറ്റുകൾക്കുള്ളിൽ മികു ഗോവയെ സമനിലയിൽ പിടിച്ചു. നാല് പ്രതിരോധനിരക്കാരെ വെട്ടിയൊഴിഞ്ഞായിരുന്നു മികു നിറയൊഴിച്ചത്.
എന്നാൽ തൊട്ടടുത്ത മിനിറ്റിൽ ഫെറാൻ ഗോവയുടെ വിജയഗോൾ കുറിച്ചു. ആക്രമണത്തിനു കയറിപ്പോയ പ്രതിരോധത്തെ കബിളിപ്പിച്ചു മധ്യനിരയിൽനിന്നും ഓടിക്കയറിയ ഫെറാൻ ഗോളിയേയും മറികടന്ന് അനായാസം പന്ത് വലയിൽ നിക്ഷേപിച്ചു.