പനാജി: ഗോവ ബീച്ചുകളിലെ പരസ്യ മദ്യപാനത്തിനെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത്. കഴിഞ്ഞ ദിവസം മോർജിം ബീച്ചിൽ രണ്ടുപേർ മുങ്ങി മരിച്ചതിന്റെ പശ്ചാത്തലത്തിലാണു മുഖ്യമന്ത്രിയുടെ പ്രതികരണം. ബീച്ചുകളിൽ കൂടുതൽ പോലീസിനെ നിയോഗിക്കുമെന്നും മദ്യപാനം കർശനമായി തടയുമെന്നും സാവന്ത് പറഞ്ഞു.
ശനിയാഴ്ചയാണ് തെക്കൻ ഗോവയിലെ മോർജിം ബീച്ചിൽ രണ്ടു വിനോദസഞ്ചാരികൾ മുങ്ങിമരിച്ചത്. കർണാടകയിലെ ബൽഗാം സ്വദേശികളായ രണ്ടു യുവാക്കളാണ് മരിച്ചത്. മദ്യലഹരിയിലാണ് ഇവർ കടലിൽ മുങ്ങിയതെന്നാണു വിവരം. ഇവരെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഒരാൾക്കു പരിക്കേറ്റു.
ഈ വർഷം ജനുവരിയിൽ, പൊതുസ്ഥലത്ത് ഭക്ഷണം പാകം ചെയ്യുന്നതും മദ്യപിക്കുന്നതും പിഴ ഈടാക്കാവുന്ന കുറ്റമായി സർക്കാർ നിയമം ഭേദഗതി ചെയ്തിരുന്നു.