കോണ്‍ഗ്രസ് നേതാവ് ദിഗംബർ കാമത്തിനെ പാർട്ടിയിലെത്തിച്ച് മുഖ്യമന്ത്രിയാക്കാൻ നീക്കവുമായി ഗോവ ബിജെപി. നിലവിൽ ഗോവ മുഖ്യമന്ത്രി സ്ഥാനത്തേക്കു പറഞ്ഞുകേൾക്കുന്നവരിൽ മുൻപന്തിയിലാണ് കാമത്ത്. പാർട്ടിയും ഘടകകക്ഷികളും ദേശീയ നേതൃത്വത്തിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഗോവ ഫോർവേഡ് പാർട്ടിയുടെ പിന്തുണയും കാമത്തിനുണ്ട്.
കാമത്ത് ബിജെപിയിൽ ചേരുന്നതിനായാണ് ഡൽഹിയിലേക്കു പോയിരിക്കുന്നതെന്ന് ഗോവ ഡെപ്യൂട്ടി സ്പീക്കർ മൈക്കിൾ ലോബോ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പ്രഖ്യാപനങ്ങൾ ഡൽഹിയിൽനിന്നായിരിക്കുമെന്നും ലോബോ പറഞ്ഞു. അതേസമയം, കാമത്ത് പാർട്ടി വിടുമെന്ന റിപ്പോർട്ടുകൾ ഗോവ കോണ്‍ഗ്രസ് നേതൃത്വം നിഷേധിച്ചു.
മുൻ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് എംഎൽഎയുമായ കാമത്ത്, 1994-ൽ കോണ്‍ഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. 2005-ൽ അദ്ദേഹം വീണ്ടും കോണ്‍ഗ്രസിൽ തിരിച്ചെത്തി. സംസ്ഥാനത്ത് കോണ്‍ഗ്രസ് സർക്കാരുണ്ടാക്കിയതിനു പിന്നാലെയാണ് ഇത്. 2012-ൽ കാമത്ത് ഗോവ മുഖ്യമന്ത്രിയായി അധികാരമേറ്റു.
ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ ആരോഗ്യനില വളരെ മോശമായതിനാൽ മനോഹർ പരീക്കറിനു പകരക്കാരനെ കണ്ടെത്താൻ ഞായറാഴ്ച രാവിലെ മുതിർന്ന ബിജെപി നേതാക്കൾ യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ തീരുമാനമുണ്ടായില്ല. ഘടകകക്ഷികളായ ഗോവ ഫോർവേഡ് പാർട്ടിയുമായും മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിയുമായും ബിജെപി നേതാക്കൾ ചർച്ച നടത്തുന്നുണ്ട്.
നേരത്തെ, ഗോവയിലെ ബിജെപി സർക്കാരിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഗവർണർ മൃദുല സിംഹയ്ക്കു കത്തയച്ചിരുന്നു. ബിജെപി എംഎൽഎ ഫ്രാൻസിസ് ഡിസൂസയുടെ നിര്യാണത്തോടെ പരീക്കർ മന്ത്രിസഭയുടെ ഭൂരിപക്ഷം കുറഞ്ഞെന്നു ചൂണ്ടിക്കാട്ടിയാണ് കത്ത്.
നിലവിൽ 40 അംഗ ഗോവ നിയമസഭയിൽ കോണ്‍ഗ്രസിനു നിലവിൽ 14 എംഎൽഎമാരുണ്ട്. ബിജെപിക്ക് 13 എംഎൽഎമാരേയുള്ളു. ഇതിൽ മുഖ്യമന്ത്രി പരീക്കർ അത്യാസന്ന നിലയിലാണ്. മറ്റൊരു ബിജെപി എംഎൽഎ പാണ്ഡുരംഗ് മഡ്കെയ്ക്കർ പക്ഷാഘാതത്തെ തുടർന്നു സഭയിൽ ഹാജരാകുന്നില്ല. നേരത്തെ രണ്ട് കോണ്‍ഗ്രസ് എംഎൽഎമാർ രാജിവച്ച് ബിജെപിയിൽ ചേർന്നിരുന്നു. ഇതടക്കം മൂന്നു സീറ്റുകൾ ഇപ്പോൾ ഒഴിഞ്ഞു കിടക്കുകയാണ്.