നടവയൽ (വയനാട്): ഫുട്ബോൾ എന്നു കേട്ടാൽ മലയാളിക്കുണ്ടാകുന്ന ആത്യാവേശം കണിയാമ്പറ്റയ്ക്കും അന്യമല്ല. അത് അമ്മച്ചിയാണെങ്കിലും വല്യമ്മച്ചിയാണെങ്കിലും വ്യത്യാസമില്ല.
ആ ആവേശത്തേരിലേറിയാണ് ഫിഫ അണ്ടർ-17 ലോകകപ്പിനു മുന്നോടിയായി നടത്തുന്ന വൺ മില്യൺ ഗോൾ എന്ന ലക്ഷ്യത്തിലേക്ക് കേരളത്തിനൊപ്പം എൺപത്തിരണ്ടാം വയസിൽ ഗോളടിച്ച് ചിന്നമ്മച്ചേടത്തിയും കുതിച്ചെത്തിയത്.
ചട്ടയും മുണ്ടും ധരിച്ച് നഗ്നപാദയായി ‘ലേഡി ഐ.എം. വിജയനാ’യി കൈവീശി കടന്നുവന്ന ചിന്നമ്മച്ചേടത്തി റഫറിയുടെ വിസിൽ മുഴങ്ങിയ നിമിഷംതന്നെ വലംകാലുകൊണ്ട് വലിച്ചടിച്ചപ്പോൾ പന്ത് മിന്നൽ പോലെ ഗോൾപോസ്റ്റിനുള്ളിൽകടന്നു വലയിൽ മുത്തമിട്ടു…ഗോൾ…!
വയനാട് കണിയാമ്പറ്റ ഗ്രാമപഞ്ചായത്തും നടവയലിലെ ഫുട്ബോൾ ക്ലബുകളും ചേർന്ന് നടത്തിയ ഗോൾ സ്കോർ പരിപാടിയിലാണ് നടവയൽ ചിറ്റാലൂർക്കുന്ന് പുതുശേരി ചിന്നമ്മ ശ്രദ്ധാകേന്ദ്രമായത്.
ഫുട്ബോളിന്റെ ആവേശം ഒട്ടും വിട്ടുകളയാതെയാണ് നടവയലുകാരുടെ സ്വന്തം ‘താരം’നടവയൽ ഹൈസ്കൂൾ ഗ്രൗണ്ടിൽ എത്തിയത്. സ്ത്രീകളും കുട്ടികളും മുതിർന്നവരും അടക്കം നിരവധി പേരാണ് വണ്‍ മില്യണ്‍ ഗോളിൽ പന്തുതട്ടിയത്. അവസരം കിട്ടിയാൽ അണ്ടർ-17 ഫിഫ ലോകകപ്പ് കാണാൻ കൊച്ചിയിൽ പോകണമെന്ന ചിന്തയിലാണ് ഈ നാട്ടിൻപുറത്തുകാരി ഫുട്ബോൾ പ്രേമി.