ഫ്രാങ്കഫർട്ട്: നിശ്ചിത സമയത്തും അധിക സമയത്തും സ്ലോവാക്യൻ ഗോൾ വലയിൽ പന്തെത്തിക്കാൻ കഴിയാതെ പറങ്കിപ്പട നടുക്കടലിൽ നട്ടംതിരിഞ്ഞു… നിശ്ചിത സമയത്ത് കരയ്ക്കടുക്കാത്ത പറങ്കിപ്പടയ്ക്ക് അധിക സമയത്ത് നങ്കൂരമിടാൻ അവസരം ലഭിച്ചു… എന്നാൽ, 105-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കിക്ക് ഇതിഹാസ താരവും പറങ്കികളുടെ കപ്പിത്താനുമായ ക്രിസ്റ്റ്യാനോ റൊണാൾഡോ നഷ്ടപ്പെടുത്തി… വലയുടെ കാവൽക്കാരനായ ഡീഗോ കോസ്റ്റയുടെ നാഴികയായിരുന്നു പിന്നീടങ്ങോട്ട്.
115-ാം മിനിറ്റിൽ സ്ലോവാക്യൻ ഫോർവേഡ് ബെഞ്ചമിൻ സെസ്കോ പന്തുമായി ഒറ്റയ്ക്കു കയറിയെത്തി ബോക്സിനു തൊട്ടുപുറത്തുനിന്നു തൊടുത്ത ഷോട്ട് ഡീഗോ കോസ്റ്റ അഡ്വാൻസ് ചെയ്തെത്തി രക്ഷപ്പെടുത്തി. നീട്ടിവച്ച ഇടംകാലും ഇടംകൈയുമുപയോഗിച്ചുള്ള കോസ്റ്റയുടെ ആ സേവിംഗായിരുന്നു പോർച്ചുഗലിന്റെ പെനാൽറ്റി ഷൂട്ടൗട്ട് ജയത്തിന്റെ ആദ്യ പടി.
ഷൂട്ടൗട്ടിലേക്ക് എത്തിയപ്പോൾ വലയ്ക്കു മുന്നിൽ പറക്കും കാവലാളായി കോസ്റ്റ. ആദ്യ കിക്കെടുത്ത സ്ലോവാക്യയുടെ ജോസിപ് ഇലിസിക്കിന്റെ ഷോട്ട് ഇടത്തേക്കുള്ള മുഴുനീളൻ ഡൈവിലൂടെ കോസ്റ്റ തട്ടിത്തെറിപ്പിച്ചു.
തുടർന്ന് പോർച്ചുഗലിന്റെ ആദ്യ കിക്കിനായി ക്രിസ്റ്റ്യാനോ റൊണാൾഡോ. അധിക സമയത്ത് പെനാൽറ്റി നഷ്ടപ്പെടുത്തിയ റൊണാൾഡോ പക്ഷേ, ഷൂട്ടൗട്ടിലെ ആദ്യ കിക്ക് കൃത്യമായി ലക്ഷ്യത്തിലെത്തിച്ച് പറങ്കിപ്പടയെ 1-0നു മുന്നിലെത്തിച്ചു.
സ്ലോവാക്യയുടെ രണ്ടാം കിക്കെടുത്ത ജൂറെ ബാൽകോവെക്കിന്റെയും മൂന്നാം കിക്കെടുത്ത ബെഞ്ചമിൻ വെർബിക്കിന്റെയും ഷോട്ടുകൾ ഇടത്തേക്ക് ഡൈവ് ചെയ്ത് കോസ്റ്റ തട്ടിത്തെറിപ്പിച്ചു. ഇതിനിടെ പോർച്ചുഗലിന്റെ രണ്ടും മൂന്നും കിക്കുകൾ ബ്രൂണോ ഫെർണാണ്ടസും ബെർണാർഡൊ സിൽവയും വലയിലാക്കുകയും ചെയ്തു.
അതോടെ ഷൂട്ടൗട്ടിൽ 3-0ന്റെ ജയത്തോടെ പറങ്കിപ്പട യൂറോ 2024 ഫുട്ബോൾ ക്വാർട്ടർ ഫൈനൽ ബെർത്ത് ഉറപ്പിച്ചു. അതോടെ പെനാൽറ്റി നഷ്ടപ്പെടുത്തിയതിൽ കണ്ണീരണിഞ്ഞ റൊണാൾഡോയുടെയും പോർച്ചുഗൽ ആരാധകരുടെയും ദുഃഖം സന്തോഷത്തിനു വഴിമാറി…
ജീവൻ തിരിച്ചുകിട്ടിയ നിമിഷം
പോർച്ചുഗൽ x സ്ലോവാക്യ പ്രീക്വാർട്ടറിന്റെ 114:23-ാം മിനിറ്റ്. സ്ലോവാക്യയുടെ ഏറ്റവും വിശ്വസ്തനും മികച്ച സ്കോററുമായ ബെഞ്ചമിൻ സെസ്കോയുടെ വരുതിയിലേക്ക് പോർച്ചുഗൽ പ്രതിരോധത്തിന്റെ പിഴവിലൂടെ പന്ത് എത്തി.
ബുണ്ടസ് ലിഗ അരങ്ങേറ്റ സീസണായ 2023-24ൽ ലൈപ്സിഗിനുവേണ്ടി 14 ഗോൾ സ്കോർ ചെയ്ത സെസ്കോ പോർച്ചുഗൽ വലയിൽ പന്ത് എത്തിക്കുമെന്ന് ഗോൾ കീപ്പർ ഡിഗോ കോസ്റ്റ ഒഴികെയുള്ള മറ്റെല്ലാവരും വിശ്വസിച്ച നിമിഷം. അഡ്വാൻസ് ചെയ്തെത്തിയ കോസ്റ്റയുടെ ബ്ലോക്കിൽ പന്ത് പുറത്തേക്ക് പാഞ്ഞു, പോർച്ചുഗലിനു ജീവൻ തിരിച്ചു ലഭിച്ച നിമിഷം…
ക്വാർട്ടറിൽ ഫ്രാൻസാണ് പോർച്ചുഗലിന്റെ എതിരാളികൾ. ബെൽജിയത്തെ സെൽഫ് ഗോളിലൂടെ 1-0നു കീഴടക്കിയാണ് ഫ്രാൻസ് ക്വാർട്ടറിൽ പ്രവേശിച്ചത്. ഇന്ത്യൻ സമയം ശനി അർധരാത്രി 12.30നാണ് പോർച്ചുഗലും ഫ്രാൻസും കൊന്പുകോർക്കുക.
കോസ്റ്റ ചരിത്രം
യുവേഫ യൂറോ കപ്പ് ചരിത്രത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ മൂന്ന് കിക്ക് രക്ഷപ്പെടുത്തുന്ന ആദ്യ ഗോൾ കീപ്പർ എന്ന റിക്കാർഡിൽ പോർച്ചുഗലിന്റെ ഡീഗോ കോസ്റ്റയെത്തി. മാത്രമല്ല, യൂറോ ഷൂട്ടൗട്ട് ചരിത്രത്തിൽ ഇതുവരെ ഗോൾ വഴങ്ങാത്ത ഗോൾ കീപ്പറും കോസ്റ്റയാണ്.
സ്ലോവാക്യയ്ക്കെതിരായ 120 മിനിറ്റ് (നിശ്ചിത സമയവും അധിക സമയവും ചേർത്ത്) മത്സരത്തിൽ നടത്തിയതിനേക്കാൾ (2) കൂടുതൽ സേവ് ഷൂട്ടൗട്ടിൽ (3) കോസ്റ്റ നടത്തിയെന്നതും ശ്രദ്ധേയം