കണ്ണൂർ: ഇരുപതു വർഷത്തെ കാത്തിരിപ്പിനു വിരാമം. സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തെ നയിക്കാൻ കണ്ണൂരിന്റെ കരുത്തൻ – മുഴപ്പിലങ്ങാട് കൂറുമ്പക്കാവിന് സമീപം മയൂരത്തിലെ വി. മിഥുൻ. ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തെ നയിക്കുന്ന കണ്ണൂർ ജില്ലക്കാരനായ ആദ്യ ഗോൾകീപ്പറാണ് എസ്ബിഐയുടെ കളിക്കാരനായ ഈ മിന്നുംതാരം.
2018ൽ പതിമ്മൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിൽ കേരളം സന്തോഷ് ട്രോഫി നേടിയത് മിഥുനിന്റെ കളിമികവിലായിരുന്നു. ആറു വർഷമായി കേരളത്തിന്റെ വിശ്വസ്ത കാവൽഭടനായ മിഥുൻ കഴിഞ്ഞവർഷം വൈസ് ക്യാപ്റ്റനുമായി. 1999ലാണ് ഇതിനു മുമ്പ് കണ്ണൂരിൽനിന്നൊരു ക്യാപ്റ്റനുണ്ടായത്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ കെ.വി. ധനേഷ്.
“അത്യധികം സന്തോഷമുണ്ട്. ഇതൊരു ഉത്തരവാദിത്വമല്ലേ. കേരളത്തിന് ഇപ്രാവശ്യം നല്ലൊരു റിസൾട്ട് കൊടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. എല്ലാവരും നല്ല കളി പരിചയമുള്ളവരാണ്. സന്തോഷ് ട്രോഫിയല്ലേ. ഭാഗ്യം കൂടി വേണം ” – ക്യാപ്റ്റൻ സ്ഥാനത്തെക്കുറിച്ച് മിഥുൻ ദീപികയോട് മനസ് തുറന്നു.
എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് മിഥുൻ ഫുട്ബോൾ കളിച്ചുതുടങ്ങിയത്. കേരള പോലീസ് ഫുട്ബോൾ ടീമിന്റെ മുൻ ഗോൾകീപ്പറായ അച്ഛൻ വി. മുരളിയായിരുന്നു ഗുരു. കണ്ണൂർ സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് എസ്ഐയാണ് ഇപ്പോൾ മുരളി. മുഴപ്പിലങ്ങാട് ഗവ. ഹയർസെക്കൻഡറി സ്കൂൾ ഗണിതശാസ്ത്ര അധ്യാപിക കെ.പി. മഹിജയാണ് അമ്മ. കഴിഞ്ഞ മേയിലായിരുന്നു മിഥുനിന്റെ വിവാഹം. ഭാര്യ: ജോബിന. എസ്എൻ കോളജിലെ ബിരുദ വിദ്യാർഥിയായ അനുജൻ വി. ഷിനോയി കണ്ണൂർ വാഴ്സിറ്റി ഫുട്ബോൾ ടീമിന്റെ സ്റ്റോപ്പർ ബാക്കാണ്.
മുഴപ്പിലങ്ങാട് ശ്രീകൂർമ്പ ബ്രദേഴ്സായിരുന്നു മിഥുനിന്റെ ആദ്യ കളരി. തുടർന്ന് എവർഗ്രീൻ എടക്കാടിന്റെ ജഴ്സിയണിഞ്ഞു. മധ്യനിരയിൽ കളിച്ചിരുന്ന മിഥുൻ കണ്ണൂർ സ്പോർട്ടിംഗ് ബഡ്സ് കോച്ചിംഗ് സെന്ററിൽ എത്തിയപ്പോഴാണ് ഗോൾ കീപ്പറുടെ ഗ്ലൗസ് അണിഞ്ഞുതുടങ്ങിയത്.
എസ്എൻ കോളജിലെ ബിരുദപഠനകാലത്ത് രണ്ടു വർഷം കണ്ണൂർ യൂണിവേഴ്സിറ്റിയുടെ ഗോൾ വലയം കാത്തു. 2013-14 സീസണിൽ ഈഗിൾസ് എഫ്സിക്കു വേണ്ടി കളിച്ചു. 2014 നവംബറിൽ എസ്ബിടിയിലെത്തി. ബാങ്ക് രണ്ടുതവണ വീതം കേരള പ്രീമിയർ ലീഗും ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പും നേടിയപ്പോഴും ഓൾ ഇന്ത്യ പബ്ലിക് സെക്ടർ ടൂർണമെന്റിലും ജി.വി. രാജ ടൂർണമെന്റിലും റണ്ണേഴ്സ് ആയപ്പോഴും ഗോൾവലയം കാത്തത് മിഥുനിന്റെ കരുത്തുറ്റ കരങ്ങളായിരുന്നു. 2018ൽ മികച്ച കായികതാരത്തിനുള്ള ജി.വി. രാജ അവാർഡ് ലഭിച്ചു. 2014-15ൽ ലുധിയാനയിലായിരുന്നു സന്തോഷ് ട്രോഫിയിലെ അരങ്ങേറ്റം. അന്ന് അസിസ്റ്റന്റ് കോച്ചായിരുന്ന ബിനോ ജോർജാണ് ഇത്തവണ ടീമിന്റെ മുഖ്യപരിശീലകൻ.
കണ്ണൂരിൽ നിന്നുള്ള ക്യാപ്റ്റൻമാർ
സന്തോഷ് ട്രോഫി കേരള ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് എത്തുന്ന കണ്ണൂർ ജില്ലയിൽനിന്നുള്ള പതിനൊന്നാമത്തെ കളിക്കാരനാണ് വി. മിഥുൻ. കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയത് കണ്ണൂരിലെ താളിക്കാവ് സുബ്രഹ്മണ്യൻ മണിയുടെ നേതൃത്വത്തിലായിരുന്നു.
19 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കേരളം രണ്ടാമത് സന്തോഷ് ട്രോഫി നേടിയപ്പോൾ മേക്കുന്ന് സ്വദേശി വി.പി. സത്യനായിരുന്നു നായകൻ. ക്യാപ്റ്റൻമാരും ടീമിനെ നയിച്ച വർഷവും- ടി.കെ.എസ്. മണി (1973), പി.പി. പ്രസന്നൻ (1976), പി. അബ്ദുൾ ഹമീദ് (1978), കെ.പി. രത്നാകരൻ (1981), എം.പി. അശോകൻ (1984), കെ. അബ്ദുൾ റഷീദ് (1985), സി.പി. ഹരിദാസ് (1989), വി.പി. സത്യൻ (1992), വി.പി. ഷാജി (1998), കെ. വി. ധനേഷ് (1999).
സിജി ഉലഹന്നാൻ