മാഞ്ചസ്റ്റർ: ഹൊസെ മൗറീഞ്ഞോയുടെ ഓൾഡ് ട്രാഫഡിലേക്കുള്ള തിരിച്ചുവരവ് നിരാശാജനകം. മൗറീഞ്ഞോ പരിശീലിപ്പിക്കുന്ന ടോട്ടനത്തെ ഒലെ ഗണ്ണർ സോൾഷ്യറിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണു യുണൈറ്റഡ് വിജയിച്ചത്.
മത്സരം തുടങ്ങി ആറാം മിനിറ്റിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നിലെത്തി. മാർക്കസ് റാഷ്ഫോർഡാണു യുണൈറ്റഡിനെ മുന്നിലെത്തിച്ചത്. വീണ്ടും അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും യുണൈറ്റഡിനു മുതലെടുക്കാനായില്ല. 39-ാം മിനിറ്റിൽ ടോട്ടനം സമനില ഗോൾ നേടി. ഡെലെ അലിയായിരുന്നു ടോട്ടനത്തിന്റെ സ്കോറർ.
രണ്ടാം പകുതിയുടെ തുടൽകത്തിൽ റാഷ്ഫോർഡ് തന്നെ യുണൈറ്റഡിനു ലീഡ് തിരികെ നൽകി. പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചാണു റാഷ്ഫോർഡ് യുണൈറ്റഡിനു വിജയഗോൾ സമ്മാനിച്ചത്. മുന്‍പ് യുണൈറ്റഡിനെ പരിശീലിപ്പിച്ചിരുന്ന മൗറീഞ്ഞോ കഴിഞ്ഞ ദിവസമാണു ടോട്ടനം ഹോസ്പർ പരിശീലകനായി ചുമതലയേറ്റത്.
ബുധനാഴ്ച നടന്ന മറ്റു മത്സരങ്ങളിൽ ക്രിസ്റ്റൽ പാലസ് ബേണ്‍മൗത്തിനെയും (1-0), മാഞ്ചസ്റ്റർ സിറ്റി ബേണ്‍ലിയെയും (4-1), ചെൽസി ആസ്റ്റണ്‍ വില്ലയെയും (2-1), ലെസ്റ്റർ സിറ്റി വാറ്റ്ഫോർഡിനെയും (2-0) പരാജയപ്പെടുത്തി. സതാംപ്ടണ് നോർവിച്ചിനെ തോൽപ്പിച്ചപ്പോൾ, വെസ്റ്റ് ഹാം വൂൾഫ്സിനോടു തോറ്റു. ലീഗിലെ ഒന്നാം സ്ഥാനക്കാരായ ലിവർപൂൾ രണ്ടിനെതിരേ അഞ്ചു ഗോളുകൾക്ക് എവർട്ടണെ തകർത്തു.
15 മത്സരങ്ങളിൽനിന്ന് 43 പോയിന്റുള്ള ലിവർപൂളിനു പിന്നിൽ ഇത്രയും മത്സരങ്ങളിൽനിന്ന് 35 പോയിന്റുമായി ലെസ്റ്റർ സിറ്റിയാണുള്ളത്. 32 പോയിന്റുള്ള സിറ്റിക്കു പിന്നിലാണ് 29 പോയിന്റുള്ള ചെൽസിയുടെ സ്ഥാനം. ടോട്ടനത്തിനെതിരായ ജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ആറാം സ്ഥാനത്തേക്ക് ഉയർന്നു.