
താന്‍ മുഖ്യമന്ത്രിയായാല്‍ ജോലിക്കാര്‍ക്ക് നിര്‍ബന്ധിത ഉച്ചമയക്ക ഇടവേള നല്‍കുമെന്ന വിചിത്ര പ്രഖ്യാപനവുമായി ഗോവയിലെ രാഷ്ട്രീയ നേതാവ്.
ഫോര്‍വേഡ് പാര്‍ട്ടി നേതാവ് വിജയ് സര്‍ദേശായിയാണ് ഇത്തരമൊരു വാഗ്ദാനം നല്‍കിയത്. ഗോവയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ ഇനിയും ഒരു വര്‍ഷത്തിലേറെ ബാക്കി നില്‍ക്കവെയാണ് ജോലിക്കാര്‍ക്ക് ഗോവ ഫോര്‍വേഡ് പാര്‍ട്ടി മോഹന വാഗ്ദാനം നല്‍കിയിരിക്കുന്നത്. മുന്‍ ബിജെപി നേതാവാണ് വിജയ് സര്‍ദേശായി.
‘സമ്മര്‍ദം ഇല്ലാതെ റിലാക്സ് ചെയ്തിരിക്കുക എന്നത് ഗോവന്‍ സംസ്കാരമാണ്. അത് നാം കാത്തുസൂക്ഷിക്കണം. ജോലിത്തിരക്കുകള്‍ക്കിടയില്‍ വിശ്രമത്തിനൊരു ഇടവേളയെടുക്കുന്നത് സ്വസ്ഥതക്കും ആവശ്യമാണ്.
ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുമുണ്ട്. ഇത്തരം വിശ്രമം കാര്യക്ഷമതയും ഓര്‍മശക്തിയും വര്‍ധിപ്പിക്കും.’ അദ്ദേഹം പറഞ്ഞു. ഉച്ചക്ക് രണ്ട് മണിക്കും നാല് മണിക്കും ഇടയില്‍ എപ്പോള്‍ വേണമെങ്കിലും ജോലിക്കാര്‍ക്ക് ഈ ഇടവേളയെടുക്കാമെന്നും വിജയ് സര്‍ദേശായി വ്യക്തമാക്കി.
ഗോവയിലെ ജനങ്ങള്‍ ഉച്ചമയക്കം ഇഷ്ടപ്പെടുന്നവരാണ്. മിക്ക കടകളും 2-4 വരെയുള്ള സമയം അടച്ചിടാറുണ്ട്. പ്രധാനപ്പെട്ട മീറ്റിങ്ങുകള്‍ക്ക് ഈ സമയം മികച്ചതായി ആരും കണക്കാക്കാറില്ല ഉച്ചഭക്ഷണം കഴിഞ്ഞാല്‍ മയക്കമെന്നത് ഒരു പൊതുവായ ശീലമാണെന്നും ഇത് മടിയല്ലെന്നും സര്‍ദേശായി പറഞ്ഞു.