കൊല്ലം: തൊഴുത്തിൽ കെട്ടിയിരുന്ന ആടിനെ തലയറുത്ത നിലയിൽ കാണപ്പെട്ട സംഭവത്തിൽ ഓച്ചിറ പോലീസ് അന്വേഷണം തുടങ്ങി.
തഴവ, കുതിരപ്പന്തി സ്വദേശി വിജയകുമാറിന്റെ വീട്ടിലെ ആടിന്റെ തലയാണ് അറുത്തത്. ഉടൽ തൊഴുത്തിൽ ഉപേക്ഷിച്ച നിലയിലായിരുന്നു. ആടിന്റെ രക്തവും കാണാനായിട്ടില്ല. ദുർമന്ത്രവാദത്തിന് ആടിന്റെ തലയും രക്തവും കൊണ്ടുപോയിരിക്കാമെന്നാണ് പോലീസ് നിഗമനം.
ആടിന്റെ തലഭാഗം കാണാതായതിനെത്തുടർന്നു കുടുംബവും വലിയ ഭീതിയിലാണ്.സംഭവത്തിന്റെ നിജസ്ഥിതി ഉടൻ കണ്ടെത്തണമെന്ന ആവശ്യവുമായി നാട്ടുകാരും രംഗത്തുണ്ട്.
രാത്രിയലാണ് സംഭവമെന്നു കരുതുന്നു. ആട്ടിൻകൂട്ടിൽനിന്നു ബഹളം കേട്ടതായി ആരും പറയുന്നില്ല. ആടിനെ കൈകാര്യം ചെയ്തു പരിചയമുള്ളവരാണ് കഴുത്തറുത്തതെന്ന നിഗമനത്തിലാണ് പോലീസ്.
മന്ത്രവാദവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നീങ്ങുന്നത്. ആടിന്റെ തലയറുത്തതു അറിഞ്ഞതോടെ സമീപപ്രദേശങ്ങളിൽ ആടു വളർത്തുന്നവരും ജാഗ്രതയിലാണ്.