ജിജോ രാജകുമാരി
ലോക് ഡൗണിൽ വലഞ്ഞു പട്ടിണിയും പരിവട്ടവുമായി ജീവിതം തള്ളിനീക്കിയപ്പോൾ ആമിനയുടെ മനസിൽ ഒരു തോന്നലുണ്ടായി, ആടുകളെ വളർത്തിയാലോ?. അങ്ങനെ നാല് ആടുകളെ വാങ്ങി വളർത്തിത്തുടങ്ങി.
നാല് ആറും എട്ടും പതിനാറുമൊക്കെയായി വളർന്ന് ഇന്ന് 200 ആടുകളുടെ ഫാം നടത്തുകയാണ് ഇടുക്കി ശാന്തൻപാറ സ്വദേശിനി ആമിന.
മലബാറി ആടുകളാണ് ഈ ഫാമിലുള്ളത്. കഠിനാധ്വാനവും കുടുംബാംഗങ്ങളുടെ ഉറച്ച പിന്തുണയും കൂടിയായപ്പോൾ തുടങ്ങിവച്ച സംരംഭം ഇവരുടെ ജീവിതംതന്നെ മാറ്റിമറിച്ചു.
ചെറിയ തുടക്കം
പിതാവ് പീർ മുഹമ്മദ് വാങ്ങി നൽകിയ രണ്ട് ആട്ടിൻ കുഞ്ഞുങ്ങളെ പരിപാലിച്ചാണ് ആമിന ആടുകളുമായുള്ള അടുപ്പം തുടങ്ങിയത്.
ഇതിനിടെ, ട്രാവൽ ഏജൻസി നടത്തിയിരുന്ന ഭർത്താവിന്റെ ബിസിനസ് കോവിഡും ലോക്ക് ഡൗണും മൂലം നഷ്ടത്തിലായി.
കുടുംബം വലിയ പ്രതിസന്ധിയിലേക്കു നീങ്ങിത്തുടങ്ങിയപ്പോഴാണ് ആടുവളർത്തൽ ഇത്തിരി കാര്യമായി തുടങ്ങിയാലോ എന്ന ചിന്ത തുടങ്ങിയത്. കുടുംബശ്രീയുടെയും ശാന്തൻപാറ പഞ്ചായത്തിന്റെയും സഹായം ലഭിച്ചതോടെ ഫാമായി വിപുലീകരിച്ചു.
ഹൈറേഞ്ചിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ തലശേരി അഥവാ മലബാറി ഇനം ആടുകളെയാണ് ഫാമിലേക്കു വാങ്ങിയത്.
പാട്ടത്തിനു ഭൂമിയെടുത്തു തായ്ലൻഡ് സൂപ്പർ നേപ്പിയർ പുൽകൃഷിയും ഇതോടനുബന്ധിച്ച് ആരംഭിച്ചു. ബാങ്ക് വായ്പ ലഭിച്ചതോടെ ഹൈടെക് ഫാം നിർമിച്ചു ശാസ്ത്രീയ കൃഷിരീതിയിലൂടെ മുന്നോട്ടുപോകുകയായിരുന്നു.
അഞ്ചു ലക്ഷം വരെ നേടാം
2020ൽ ആരംഭിച്ച ഫാമിൽനിന്ന് ഇതിനകം നൂറോളം കുഞ്ഞുങ്ങളെ വില്പന നടത്തി മികച്ച വരുമാനം നേടാൻ ആമിനയ്ക്കു കഴിഞ്ഞു.
ആട് കൃഷി ലാഭകരമാകണമെങ്കിൽ ഒന്നര വർഷം വേണമെന്നാണ് ആമിന പറയുന്നത്. ഒരു പ്രസവത്തിൽ രണ്ടു മുതൽ നാലു കുഞ്ഞുങ്ങളെ വരെ ലഭിക്കും.
പുല്ല്, കടലപ്പിണ്ണാക്ക്, തേങ്ങാപ്പിണ്ണാക്ക്, മിനറൽസ് തുടങ്ങിയവയാണ് തീറ്റയായി നൽകുന്നത്. ആട്ടിൻകാഷ്ഠം വില്പനയിലൂടെയും വരുമാനം കണ്ടെത്താൻ കഴിയും.
ഇതു ജില്ലാ മിഷൻ മോഡൽ ഫാമായും ആമിന ശാന്തൻപാറ പഞ്ചായത്തിലെ മികച്ച സംരംഭകയായും വളർന്നുകഴിഞ്ഞു.
വർഷം മൂന്നുമുതൽ അഞ്ചു ലക്ഷം രൂപവരെ ആടു വളർത്തലിലൂടെ സന്പാദിക്കാനാവുമെന്നാണ് ആമിന പറയുന്നത്. സമൂഹമാധ്യമങ്ങളുടെ സഹായത്തോടെയാണ് വിപണി കണ്ടെത്തുന്നത്.
ഫാം വിപുലീകരിക്കാനും തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്കു തന്റെ ഫാമിലെ ആടുകളെ വില്പന നടത്താനും ഇതിലൂടെ കൂടുതൽ വരുമാനം നേടാനുമുള്ള ശ്രമത്തിലാണ് ഈ വീട്ടമ്മ. ഭർത്താവ് : മുഹമ്മദ് യൂസഫ്. മകൻ: അബു.