ചെങ്ങന്നൂർ: തിരുവൻവണ്ടൂർ മഴുക്കീർ കാവനാലിൽ അജിമോന്റെ ഫാമിലെ നാല് ആടുകളാണ് വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി ചത്തത്. ചത്ത ആടുകളുടെ വായിൽ നിന്ന് കീടനാശിനിയുടെ രൂക്ഷഗന്ധം വന്നത് ദുരൂഹത ഉയർത്തുന്നു.
ജമുനാ പ്യാരി, മലബാറി ഇനത്തിലുള്ള ആടുകൾക്ക് ഒരു ലക്ഷം രൂപയിലധികം വിലമതിക്കും. ഇതിൽ രണ്ടെണ്ണം ചെനയുള്ളതും മറ്റ് രണ്ടെണ്ണം കറവയുള്ളതുമായിരുന്നു. മഴുക്കീറിൽ വഞ്ചിമൂട്ടിൽ ക്ഷേത്രക്കടവിനു സമീപം വരട്ടാറിന്റെ പുറന്പോക്കിൽ വ്യാഴാഴ്ചയാണ് അജിയുടെ ജോലിക്കാർ ആടുകളെ മേയാനായി കെട്ടിയത്.
കെട്ടിയ ആറ് ആടുകളും തൂങ്ങി നിൽക്കുന്ന അവസ്ഥയിലായിരുന്നു. ഇതേത്തുടർന്ന് തിരുവൻവണ്ടൂർ മൃഗാശുപത്രി ഡോക്ടറെ കാണിച്ചു. ഡോക്ടർ മരുന്നും ഇഞ്ചക്ഷനും നൽകിയെങ്കിലും വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി നാലെണ്ണം ചത്തുവീഴുകയായിരുന്നു. അവശേഷിക്കുന്ന രണ്ടെണ്ണം ഭേദപ്പെട്ടു വരുന്നു.
വരട്ടാറിന്റെ പുറമ്പോക്കു ഭൂമിയിൽ ആടുകളെ തീറ്റയ്ക്കായി കൊണ്ടു കെട്ടുന്നതിനെ ചൊല്ലി സമീപവാസിയുമായി മുൻപ് വഴക്കുണ്ടായതായി അജിമോൻ പറഞ്ഞു. അവശനിലയിൽ കണ്ടെത്തിയ ആടുകളുടെ വായിൽ നിന്നും കീടനാശിനിയുടെ രൂക്ഷ ഗന്ധം അനുഭവപ്പെട്ടതായും അജി പറഞ്ഞു.
അജിമോന്റെ മാതാവ് അത്യാസന്ന നിലയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ഇതിനിടയിലാണ് ഇങ്ങനെയൊരു ദുരന്തം. പോത്ത്, ആട്, പശു, കോഴി, മീൻ എന്നിവയുടെ ഫാം അജിക്കുണ്ട്.
ആട് ചത്ത സംഭവത്തിൽ ചെങ്ങന്നൂർ പോലീസിൽ അജിമോൻ പരാതി നൽകി. ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ആടിന്ഖെ പോസ്റ്റ്മോർട്ടത്തിനു ശേഷമേ അറിയാൻ കഴിയൂ. വാർഡംഗം ഗീതാ സുരേന്ദ്രൻ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ചു.