മുക്കം: മാവൂർ ഗ്രാമപഞ്ചായത്തിൽ ആടുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് ആശങ്കക്കിടയാക്കുന്നു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയാണ് ഈ ഭാഗത്തെ മിക്ക കർഷകരുടെയും ആടുകൾ കുഴഞ്ഞ് വീണ് ചവാൻ തുടങ്ങിയത് . ഊർകടവിലെ അരീക്കുഴിയിൽ സുബൈറിന്റെ പത്തൊമ്പത് ആടുകളാണ് ചത്തത്.
കൂടാതെ മറ്റ് ആടുകൾക്കും രോഗം ബാധിച്ചിട്ടുണ്ട്. തൊട്ടടുത്ത വീട്ടിലെ അരീക്കുഴിയിൽ അബ്ദുൽ നാസറിന്റെ നാല് ആടുകളും രോഗം ബാധിച്ച് ചത്തിട്ടുണ്ട്.
ഇതിനുപുറമേ അരീക്കുഴിയിൽ ശ്രീജ, മേടംതറോൽ മൈമൂന എന്നിവരുടെതടക്കം ഏഴോളം പേരുടെ ആടുകൾക്കും രോഗം ബാധിച്ചിട്ടുണ്ട്.
ഒരു മാസം മുമ്പ് അരീക്കുഴിയിൽ സുബൈറിന് പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി ആറ് ആട്ടിൻ കുഞ്ഞുങ്ങളെ ഗ്രാമ പഞ്ചായത്തിൽ നിന്നും ലഭിച്ചിരുന്നു.
ഇവയ്ക്കാണ് ആദ്യം രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. ഈ ആടുകളിൽ നിന്നും മറ്റ് ആടുകളിലേക്ക് രോഗം പകർന്നതായാണ് സംശയിക്കുന്നത് .
ശക്തമായ ചുമയും, മൂക്കൊലിപ്പും, വിശപ്പില്ലായ്മയും, ശരീരത്തിൽ മുഴകളും പനിയുമാണ് രോഗലക്ഷണം.
പിന്നീട് ദിവസങ്ങൾക്കുള്ളിൽ കുഴഞ്ഞുവീണ് ചാവുകയാണ് ചെയ്യുന്നത്. ആടുകൾ ചവാൻ തുടങ്ങിയതോടെ മാവൂർ കൽപ്പള്ളിയിലെ മൃഗാശുപത്രിയിൽ വിവരമറിയിച്ച് ഡോക്റ്റർ സ്ഥലത്തെത്തി മരുന്നു നൽകിയെങ്കിലും യാതൊരു മാറ്റവും ഉണ്ടായില്ലെന്നാണ് കർഷകർ പറയുന്നത്.
രോഗലക്ഷണം വച്ച് ആട് വസന്തയാകാമെന്നാണ് മൃഗാശുപത്രി അധികൃതർ കർഷകർക്ക് നൽകുന്ന സൂചന. മിക്ക കർഷകരും ആട് ഗ്രാമം പദ്ധതി വഴിയും മറ്റ് മാർഗ്ഗങ്ങളിലൂടെ കടമെടുത്തുമാണ് ആട് കൃഷിയിലേക്കിറങ്ങിയത്.
ആടുകൾ ചത്തതോടെ ഇനിയെന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിലാണ് ഊർ കടവിലെ ആട് കർഷകർ. രോഗം ബാധിച്ച് ആടുകൾ ചവാൻ തുടങ്ങിയതോടെ രോഗം മനുഷ്യരിലേക്ക് പകരുമോ എന്ന ആശങ്കയുമുണ്ട്.
ഊർക്കടവിലെ ആട്കർഷകരുടെ ജീവിതം തന്നെ വഴിമുട്ടിയ ഈ അവസ്ഥയിൽ അവർക്ക് വേണ്ട സഹായങ്ങൾ നൽകുകയും എത്രയും വേഗത്തിൽ രോഗനിയന്ത്രണമാർഗ്ഗങ്ങൾ സ്വീകരിക്കുകയും വേണമെന്ന ആവശ്യമാണ് ഉരുന്നത് .