നെടുമ്പാശേരി: കുന്നുകരയിലെ ഫാമിൽ നിന്ന് മൂന്നു തവണയായി മോഷ്ടിച്ച 29 ആടുകളിൽ 27 എണ്ണവും വാങ്ങിയത് പോലീസുകാരൻ. മോഷണക്കേസിൽ പിടിയിലായ പ്രതികളുടെ മൊഴിപ്രകാരം പോലീസുകാരനെതിരെ കേസ് എടുത്തെങ്കിലും അറസ്റ്റ് ചെയ്യാതെ ചെങ്ങമനാട് പോലീസിന്റെ സഹായഹസ്തം.
ശ്രീമൂലനഗരം സ്വദേശിയായ സിറ്റി പോലീസിന് കീഴിലുള്ള എറണാകുളം എആർ ക്യാമ്പിലെ പോലീസുകാരനെതിരെയാണ് മോഷണമുതൽ വാങ്ങിയതിന് ചെങ്ങമനാട് പോലീസ് കേസെടുത്തിട്ടുള്ളത്. എറണാകുളം സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചില്ല.
പോലീസ് അസോസിയേഷൻ നേതാവ് കൂടിയായതിനാലാണ് അസോസിയേഷന്റെ സംരക്ഷണ കവചം ആരോപണ വിധേയനുണ്ടെന്നാണ് പറയുന്നത്. നേരത്തെ പോലീസുകാരന്റെ പിതാവിന് ആടുകച്ചവടം ഉണ്ടായിരുന്നു. അതിനാൽ പിതാവാണ് ആടിനെ വാങ്ങിയതെന്ന് പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. എന്നാൽ പ്രതികളുടെ മൊഴി പോലീസുകാരന് കുരുക്കാകുകയായിരുന്നു.
ജനുവരി 14ന് പുലർച്ചെയാണ് ആട് മോഷണ ശ്രമത്തിനിടെ കുത്തിയതോട് തിനപ്പുലം ശരത്, ആറ്റുപുറം മാളിയേക്കൽ ഡ്രാഫിൻ, അയ്യമ്പുഴ കടുക്കുളങ്ങര പാനാടൻ വീട്ടിൽ രാഹുൽ, ഇടവനക്കാട് കുഴുപ്പിള്ളി നമ്പൂരി മഠം വീട്ടിൽ ഫാരിസ്, ദേശം പുറയാർ ആവിയൻ പറമ്പിൽ കലേഷ് എന്നിവർ പോലീസ് പിടിയിലായത്.
കുന്നുകര സ്വദേശി ബാബുവിന്റെ ഫാമിൽ നിന്ന് കഴിഞ്ഞ മേയ് മുതലാണ് മൂന്നു തവണയായി ഇവർ 29 ആടുകളെ മോഷ്ടിച്ചത്. ഡിസംബർ 18ന് മാത്രം 17 ആടുകളെ മോഷ്ടിച്ചു. മൂന്നാം വട്ടം മിനി ട്രക്കിൽ ആടിനെ കടത്തുമ്പോൾ ഫാമിലേക്ക് വന്ന വാഹനം കണ്ട് സംഘം ഓടി രക്ഷപ്പെട്ടു. തുടർന്നാണ് ഇൻസ്പെക്ടർ സോണി മത്തായിയുടെ നേതൃത്വത്തിൽ പ്രതികളെ പിടികൂടിയത്.