പാതി മനുഷ്യന്റെയും പാതി ആടിന്റെയും രൂപത്തിൽ ജനിച്ച ചെമ്മരിയാടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ ലേഡി ഫ്രെരെ ഗ്രാമത്തിലാണ് ഈ അത്ഭുത പ്രതിഭാസം നടന്നത്. എന്നാലിത് ദുർമന്ത്രവാദത്തിന്റെയോ പ്രകൃതിവിരുദ്ധ ലൈംഗികതയുടെയോ അനന്തരഫലമാണെന്നാണ് ഗ്രാമവാസികളുടെ വിശ്വാസം.
ജീവനില്ലാതെ ജനിച്ച ആട്ടിൻകുട്ടിയുടെ ശരീരത്തിൽ കൈകാലുകളും കുളന്പുമുണ്ടായിരുന്നു. തലയും ശരീരവും വീർത്ത നിലയിലായിരുന്നു മാത്രമല്ല ഇളം റോസ് നിറമായിരുന്നു ശരീരത്തിന്. സംഭവമറിഞ്ഞെത്തിയ വെറ്റിനറി വിഭാഗം അധികൃതർ നടത്തിയ പരിശോധനയിൽ ഗർഭാരംഭത്തിൽ പിടിപ്പെട്ട റിഫ്റ്റ് വാലി ഫീവർ എന്ന രോഗമാണ് ആട്ടിൻകുട്ടിയുടെ രൂപം വികൃതമാകാൻ കാരണമായതെന്ന് അറിയിച്ചു. മഴക്കാലത്താണ് ഇത്തരത്തിലുള്ള രോഗം ആടുകളിൽ ബാധിക്കുന്നത്.
ചെമ്മരിയാടിന്റെ ഗർഭകാലം സാധാരണ അഞ്ചു മാസമാണ്. ഈ സമയത്ത് ശരീരത്തിൽ കടന്നുകൂടുന്ന വൈറസ് രക്തത്തിലൂടെ ഗർഭാവസ്ഥയിലുള്ള കുഞ്ഞിനെ ബാധിക്കുന്നതാണ് ഇത്തരത്തിലുള്ള രോഗത്തിനു കാരണമാകുന്നത്. ഇതു സംബന്ധിച്ച് ആരും പേടിക്കേണ്ടതില്ലെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.