തൊടുപുഴ: ഓമനിച്ചു വളർത്തിയ ആട് കിണറ്റിൽ വീണു. രക്ഷിക്കണമെന്ന അഭ്യർഥനയുമായി കുട്ടികൾ പോലീസ് സ്റ്റേഷനിൽ.
ഇന്നലെ കരിമണ്ണൂർ പോലീസ് സ്റ്റേഷനിലാണ് പത്തും ഏഴും വയസുള്ള കുട്ടികൾ കരഞ്ഞു കൊണ്ട് ഓടിയെത്തിയത്.
കരിമണ്ണൂർ പയ്യന്പിള്ളിൽ അനൂപിന്റെ വീട്ടിലെ കിണറ്റിലാണ് ആട്ടിൻകുട്ടി വീണത്. അനൂപിന്റെ മക്കളായ അഭിനവും ശരണുമാണ് ഇന്നലെ രാവിലെ സഹായഭ്യർഥനയുമായി പോലീസ് സ്റ്റേഷനിലെത്തിയത്.
തങ്ങൾ ഓമനിച്ച് വളർത്തുന്ന ആട് കിണറ്റിൽ ചാടിയെന്നും രക്ഷിക്കണമെന്നും പറഞ്ഞായിരുന്നു കുട്ടികളെത്തിയത്.
ഉടൻ തന്നെ എസ്എച്ച്ഒയുടെ നിർദ്ദേശപ്രകാരം സീനിയർ സിപിഒ ജോബിൻ, ജനമൈത്രി ബീറ്റ് ഓഫീസർ ഷെരീഫ്, പോലീസ് ഡ്രൈവർ ജിബിൻ എന്നിവർ വീട്ടിലെത്തി.
ഇതിനിടെ വീട്ടുകാരും അയൽക്കാരും ചേർന്ന് ആടിനെ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു. കിണറ്റിൽ വീണ ആട് വെള്ളം കുടിച്ച് അവശനിലയിൽ നീന്തി നിക്കുകയായിരുന്നു.
ആഴമേറിയ കിണറായതിനാൽ സ്റ്റേഷനിൽ നിന്നും കൊണ്ടുപോയ വടം ഉപയോഗിച്ച് വലിയ ചെരുവം കെട്ടിയിറക്കി ആടിനെ പുറത്തെത്തിക്കാൻ ശ്രമിച്ചു.
ആടിന്റെ മുൻകാലുകളും തലയും ചെരുവത്തിലായെങ്കിലും പിൻകാൽ അകത്തിടാൻ കഴിയാത്തതിനാൽ ആടിനെ ഉയർത്തിയെടുക്കാൻ കഴിഞ്ഞില്ല.
പിന്നീട് അതേ അവസ്ഥയിൽ ആടിനെ നിലനിർത്തി ഫയർഫോഴ്സിനെ വിവരം അറിയിച്ചു.
ഇവരെത്തി വല ഉപയോഗിച്ച് കിണറ്റിലിറങ്ങി ആടിനെ പുറത്തെടുത്ത് കുട്ടികൾക്ക് നൽകി. സന്തോഷത്തോടെ കുട്ടികൾ ആടിനെ ഏറ്റു വാങ്ങി. അഭിനവ് അഞ്ചാം ക്ലാസിലും ശരണ്‍ രണ്ടിലുമാണ് പഠിക്കുന്നത്.