മൃഗങ്ങൾക്കൊപ്പം സെൽഫിയെടുക്കുക എന്നത് ചിലരുടെ ഹോബിയാണ്. മൃഗങ്ങൾ എന്നതിൽ വളർത്തുമൃഗങ്ങളും വന്യമൃഗങ്ങളും ഉൾപ്പെടും.
വന്യമൃഗങ്ങൾക്കൊപ്പം സെൽഫിയെടുക്കുന്നതിനിടെ നിരവധി പേർക്കാണ് ജീവൻ നഷ്ടപ്പെട്ടിട്ടുള്ളത്.
വളർത്തുമൃഗത്തിനൊപ്പം സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ ഇടി കിട്ടിയ യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.
‘Thewildcapture’ എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് ഇപ്പോള്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
2019ൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോ ഇപ്പോൾ വീണ്ടും വൈറലാകുകയായിരുന്നു.
വീഡിയോയിൽ ഗ്രാമപ്രദേശത്തെ ഒരു റോഡാണ് കാണുന്നത്. ആടിനെ കയറിൽ കെട്ടിയിട്ട നിലയിലാണ്.
യുവതി വിവിധ മുഖഭാവങ്ങളിൽ സെൽഫി എടുക്കുന്നത് കാണുമ്പോൾ ആട് അങ്ങോട്ടും ഇങ്ങോട്ടും നീങ്ങുന്നത് കാണാം. രണ്ടു തവണ ആട് ഇടിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
മൂന്നാമത്തെ ശ്രമത്തിൽ ആട് യുവതിയുടെ തലയ്ക്കിട്ട് ഇടിക്കുകയായിരുന്നു. സെൽഫി വീഡിയോയിൽ ചിരിച്ചു കൊണ്ട് പോസ് ചെയ്യുന്ന യുവതിയെയാണ് ആട് ഇടിച്ചു വീഴ്ത്തുന്നത്.
പത്ത് ലക്ഷത്തിലധികം ആളുകളാണ് ഇതുവരെ വീഡിയോ കണ്ടത്. നിരവധി പേർ വീഡിയോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്.
അടുത്ത തവണ മൃഗങ്ങൾക്കൊപ്പം സെൽഫി എടുക്കാൻ ശ്രമിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കണമെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. യുവതിയ്ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ടായിരിക്കുമെന്നാണ് ചിലരുടെ കമന്റ്.