കൈപ്പറമ്പ്: കൈപ്പറമ്പിന് അഭിമാനമായി ഗോകാർട്ടിംഗ് കാർ ഉണ്ടാക്കി ഒമ്പതാം ക്ലാസുകാരൻ. തൃശൂർ കൈപ്പറമ്പ് സ്വദേശിയായ മമ്പറമ്പിൽ ഗിരീഷ്-ദിനി ദമ്പതികളുടെ മകൻ ആര്യദേവ് ആണ് ഗോകാർട്ടിംഗ് കാർ ഉണ്ടാക്കിയ ആ കൊച്ചു മിടുക്കൻ.
ഒരു കാറിന് ആവശ്യമായതെല്ലാം ഗോ കാർട്ടിംഗ് കാറിൽ ഘടിപ്പിച്ചിട്ടുണ്ട്. ബാറ്ററിയിൽ പ്രവർത്തിക്കുന്ന രീതിയിലാണ് നിർമാണം. സ്റ്റിയറിംഗ്, ആക്സിലേറ്റർ, ഗീർ, റിവേഴ്സ് ഗിയർ, ബ്രേക്ക്, ലൈറ്റ്, ഹോൺ, സീറ്റ് ബെൽറ്റ് തുടങ്ങിയ എല്ലാവിധ സംവിധാനങ്ങളും ഘടിപ്പിച്ചിട്ടുണ്ട്.
വളരെ ചുരുങ്ങിയ ചെലവിലാണ് കാർ നിർമിച്ചിട്ടുള്ളത്.
പട്ടാളത്തിൽ നിന്ന് വാങ്ങിയ മെറ്റീരിയസ് ഉപയോഗിച്ചാണ് ഏകദേശം ഇരുപതിനായിരം രൂപ ചെലവിൽ ഈ കാർ ഉണ്ടാക്കിയത്. നാലാം ക്ലാസിൽ തുടങ്ങിയ ആഗ്രഹമാണ് ഒമ്പതാം ക്ലാസിൽ പൂർത്തീകരിച്ചതെന്ന് ആര്യദേവ് പറഞ്ഞു. ഏകദേശം രണ്ടാഴ്ചത്തെ കഠിനപരിശ്രമം കൊണ്ടാണ് കാർ നിർമാണം പൂർത്തീകരിച്ചത്.
മഴുവഞ്ചേരി ഭാരതീയ വിദ്യ വിഹാർ സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ ആര്യദേവ് സ്കൂളിലെ എക്സിബിഷന് പ്രദർശിപ്പിക്കുവാൻ വേണ്ടിയാണ് ഈ വാഹനം ഉണ്ടാക്കിയത്.
വിയ്യൂർ നെല്ലിക്കാടുള്ള വെൽഡിംഗ് തൊഴിലാളികളായ ദിലീപ്, ശരത്ത് എന്നിവരുടെ സഹായത്താലാണ് ഇതിന്റെ വെൽഡിംഗ് പൂർത്തീകരിച്ചത്.