കലിഫോർണിയ: 53 വർഷമായി പുറംലോകം കാണാതെ ജയിലിൽ കഴിയുന്ന 71 കാരിക്കു 14ാം തവണയും കലിഫോർണിയ ഗവർണർ പരോൾ നിഷേധിച്ചു.
പട്രീഷ ക്രെൻവിങ്കലാണ് ഇനിയും പരോൾ ലഭിക്കാതെ ജയിലിൽ കഴിയേണ്ടി വരുന്നത്. 1969 ൽ ഓഗസ്റ്റിൽ ഒരു കുടുംബത്തിലെ ഏഴു പേരെ കൊലപ്പെടുത്തിയ കേസിൽ 1971 ൽ ആണ് ആദ്യമായി ഇവർക്കു വധശിക്ഷ വിധിച്ചത്.
ഒരു വർഷത്തിനു ശേഷം കലിഫോർണിയയിൽ വധശിക്ഷ ഭരണഘടനാ വിരുദ്ധമാണെന്നു നിയമം വന്നതോടെ ഇവരുടെ വധശിക്ഷ ജീവപര്യന്തമായി മാറ്റി.
1969ൽ ഇവർ നടത്തിയ ആക്രമണത്തിൽ പ്രമുഖ നടി ഷാരോണ്‍ ടേറ്റ് ഉൾപ്പെടെ 7 പേരാണു കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് ഫോൾജറെ 28 തവണയാണ് ഇവർ കുത്തി കൊലപ്പെടുത്തിയത്.
ജയിലിലെ അവരുടെ പെരുമാറ്റവും അവരുടെ വയസും പരിഗണിക്കുന്പോൾ സുരക്ഷിതമായി ജയിലിൽ നിന്നും പുറത്തുവിടാവുന്ന സാഹചര്യമല്ലെന്നാണ് ഒക്ടോബർ 14 വെള്ളിയാഴ്ച ഇവരുടെ അപേക്ഷ തള്ളിക്കൊണ്ടു ഗവർണർ ഉത്തരവിട്ടത്. ക്രൂരമായ കൊലപാതകത്തിനായി ഒരു കുടുംബത്തെ മുഴുവനും ഇല്ലായ്മ ചെയ്തത് ഒരിക്കലും ന്യായീകരിക്കാവുന്നതല്ലെന്നും ഗവർണറുടെ ഓഫിസ് പുറത്തുവിട്ട പ്രസ്താവനയിൽ ചൂണ്ടികാട്ടി.