പത്തനാപുരം: ഓരോ മനുഷ്യന്റെ ഉള്ളിലും ദൈവം കുടിയിരിക്കുന്നുണ്ടെന്നും, സ്വന്തം അച്ഛനും, അമ്മയും, മക്കളും ഉപേക്ഷിച്ചാലും ദൈവം നമ്മളെ ഉപേക്ഷിക്കില്ലെന്നും കെ.ബി.ഗണേഷ് കുമാർ എംഎൽഎ. പത്തനാപുരം ഗാന്ധിഭവനിൽ നടന്ന പ്രത്യേക പ്രാർഥന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നമ്മൾ ഒരു മനുഷ്യനെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുമ്പോൾ ആവരുടെ ഉള്ളിലുള്ള ദൈവത്തെയാണ് സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നത്. ഒരാൾ നമ്മളെ അനുഗ്രഹിക്കുമ്പോൾ അയാളിലുള്ള ദൈവാത്മാവാണ് അത് ചെയ്യുന്നത്. കുറ്റകൃത്യങ്ങൾ ചെയ്യുന്ന മനുഷ്യന് അനുഗ്രഹിക്കാൻ അവകാശമില്ല. അവന്റെ ഉള്ളിലുള്ള ജീവാത്മാവായ പരമാത്മാവിനാണ് അതിനുള്ള അവകാശം. ഗാന്ധിഭവനെ ദൈവം ഉപേക്ഷിക്കില്ല. നന്മ നിറഞ്ഞുനിൽക്കുന്ന ഒന്നിനെയും ദൈവം ഉപേക്ഷിച്ചിട്ടില്ല. ഗാന്ധിഭവനെ തകർക്കാൻ ശ്രമിക്കുന്നവർക്ക് ഉറങ്ങാൻ പറ്റില്ല.
തകർക്കുക തകർക്കുക എന്ന് ചിന്തിക്കുന്നവർ സ്വയം അങ്ങ് തകരും. നന്മചെയ്യുന്നവർ പൊയ്ക്കൊണ്ടേയിരിക്കും.നല്ല മരങ്ങൾ വീണാൽ അത് നൽകുന്ന തണൽ നഷ്ടമാകും. ആരും ആരെയും തകർക്കാൻ ശ്രമിക്കേണ്ടാ. അത് നല്ലതിനല്ല. നല്ല മരങ്ങൾ പൂത്തും കായ്ച്ചും നമ്മുടെ സമൂഹത്തിൽ നിൽക്കട്ടെ. വിരോധം കൊണ്ട് ഒന്നും നേടാനില്ല. സ്നേഹം കൊണ്ടേ നേടാനാവൂ. കെ ബി ഗണേഷ് കുമാർ എം എൽ എ പറഞ്ഞു. ഗാന്ധിഭവൻ സെക്രട്ടറി ഡോ:പുനലൂർ സോമരാജൻ സ്വാഗതം പറഞ്ഞു.നടൻ ടി പി മാധവൻ പ്രസംഗിച്ചു.