ഗോഡ് സേ

godsay-lആകാശവാണിയിലെ അവതാരകനാണ് ഹരിചന്ദ്രന്‍. തൊണ്ണൂറുകളുടെ കാലഘട്ടത്തിന്റെ ചെറുപ്പക്കാരന്‍. മദ്യപാനി, മടിയന്‍, അവസരവാദി ഇതുമാത്രമല്ല അതിനുമപ്പുറമാണ് ഹരിചന്ദ്രന്‍. ഒരു പ്രത്യേക സാഹചര്യത്തില്‍ ഗാന്ധിമാര്‍ഗം എന്ന പ്രോഗ്രാം അവതരിപ്പിക്കാന്‍ നിയോഗിക്കപ്പെടുന്നു. ബൂബ് ഖാന്റെ സ്‌നേഹപൂര്‍വമായ നിര്‍ബന്ധം സഹിക്കാന്‍വയ്യാതെ ഹരിചന്ദ്രന് ഏറ്റെടുക്കേണ്ടിവന്നു.

മനസില്ലാമനസോടെയാണ് ഇറങ്ങിപ്പുറപ്പെട്ടതെങ്കിലും പ്രോഗ്രാമിന് അല്‍പം നീതിപുലര്‍ത്താന്‍ ഹരിചന്ദ്രന്‍ ഗാന്ധിയെക്കുറിച്ച് അറിയാന്‍  ശ്രമിക്കുന്നു. പുസ്തകങ്ങള്‍ പഠിക്കാന്‍ തുടങ്ങിയതോടെ ഹരിചന്ദ്രന്റെ ജീവിതത്തില്‍ അദ്ഭുതകരമായ മാറ്റങ്ങളാണ് സൃഷ്ടിച്ചത്. ക്രമേണ ഗാന്ധിയുടെ ആശയങ്ങള്‍ അയാളെ സ്വാധീനിച്ചു. തുടര്‍ന്നു ഗാന്ധിമാര്‍ഗത്തില്‍ ജീവിക്കാന്‍ തീരുമാനിക്കുകയാണ് ഹരിചന്ദ്രന്‍. പെട്ടെന്നുള്ള ഈ മാറ്റത്തില്‍ കൂട്ടുകാരും സമൂഹവും ഹരിചന്ദ്രനെ സംശയദൃഷ്ടിയോടെ വീക്ഷിക്കുന്നു.

ഒടുവില്‍ ഭ്രാന്തനെന്ന് മുദ്രകുത്തിയെങ്കിലും ഹരിചന്ദ്രന്‍ അതൊന്നും വകവയ്ക്കാതെ തന്റെ പുതിയ രീതി പിന്തുടര്‍ന്നു. ഇതിനിടെയാണ് സ്കൂള്‍ ഓഫ് ഡ്രാമയിലെ അഭിനയവിദ്യാര്‍ഥിയായ മഗ്ദലന ഗോമസിനെ പരിചയപ്പെടുന്നത്. വിചിത്ര സ്വഭാവക്കാരിയായിരുന്നു മഗ്ദലന.  അഭിനയിക്കുന്ന നാടകത്തിലെ കഥാപാത്രമായി ജീവിക്കാനാണ് മഗ്ദലനയ്ക്ക് ഇഷ്ടം. ഒരു നാടകം കഴിഞ്ഞാല്‍ മറ്റൊരു നാടകം. അങ്ങനെ കഥാപാത്രങ്ങള്‍ക്കനുസരിച്ച് അവള്‍ ജീവിക്കും.

ഒടുവില്‍ രണ്ടുപേരും ചേര്‍ന്ന് ഒരു നാടകം അവതരിപ്പിക്കാന്‍ തയാറായി. ഗാന്ധിയായി ഹരിചന്ദ്രനും കസ്തൂര്‍ബയായി മഗ്ദലന തോമസും അഭിനയിക്കാന്‍ തുടങ്ങി. ഇവര്‍ അങ്ങനെ ജീവിതത്തിലും ആ കഥാപാത്രങ്ങളെ പിന്തുടര്‍ന്നു. തുടര്‍ന്ന് സങ്കീര്‍ണതയിലേക്കു നീങ്ങുന്ന ഇവരുടെ ജീവിതമാണ് ഗോഡ്‌സേ എന്ന ചിത്രത്തില്‍ ദൃശ്യവത്കരിക്കുന്നത്.

നിരവധി പുരസ്കാരങ്ങള്‍ നേടിയ ആദിമധ്യാന്തം എന്ന ചിത്രത്തിനു ശേഷം ഷെറിയും ഷിബു ഗോവിന്ദും  ചേര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഗോഡ് സേ എന്ന ചിത്രത്തില്‍ ഹരിചന്ദ്രനായി വിനയ് ഫോര്‍ട്ടും മഗ്ദലനയായി മൈഥിലിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജോയ് മാത്യു, ഇന്ദ്രന്‍സ്, മാമ്മുക്കോയ, സന്തോഷ് കീഴാറ്റൂര്‍, വിനോദ് കോവൂര്‍, സുര്‍ജിത് എന്നിവരാണ് മറ്റു താരങ്ങള്‍.

സ്‌നേഹാഞ്ജലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഇ.പി.ദിനേശ് നമ്പ്യാര്‍, സന്തോഷ് മാണിക്കോത്ത് എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജലീല്‍ ബാദുഷ നിര്‍വഹിക്കുന്നു.  അനില്‍ പനച്ചൂരാന്‍, വിജിഷ് എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജോണ്‍ കുടിയാന്മല, എക്‌സ്ക്യൂട്ടീവ് പ്രൊഡ്യൂസര്‍-പ്രവീണ്‍ പൂവന്‍, ആര്‍.കെ.നമ്പ്യാര്‍, കല-രാംകുമാര്‍, മേക്കപ്പ്-റഷീദ്, വസ്ത്രാലങ്കാരം-കുക്കു ജീവന്‍, എഡിറ്റര്‍-മനോജ് കണ്ണോത്ത്, സൗണ്ട്- രംഗനാഥ് രവി, വിതരണം-ട്രൈമക്‌സ് റിലീസ്.
-എ.എസ്.ദിനേശ്

Related posts