കുഞ്ഞുമനസുകളിൽ ഉദയംകൊണ്ട ഒരു വലിയ സിനിമയാണ് ഗോദ. പൊടിപാറിയ ഗോദയ്ക്കുള്ളിൽ ചിരി വാരി വിതറി ബേസിൽ ജോസഫ് തന്‍റെ രണ്ടാം അങ്കത്തിലും വിജയകാഹളം മുഴക്കി. അജു വർഗീസ് എന്ന നടനെ കൃത്യമായി പ്ലേസ് ചെയ്ത് സിനിമയിൽ ചിരി ഉണർത്താനുള്ള ചുക്കാൻ ഏൽപ്പിക്കുന്നതിനോടൊപ്പം തനിക്കാവശ്യമുള്ള ചേരുവകൾ കൃത്യമായി ചേർക്കാനും സംവിധായകൻ മറന്നില്ല. ബാലൻസിംഗിന്‍റെ നൂൽപ്പാലം പലപ്പോഴും തെറ്റുമെന്ന് തോന്നിപ്പിച്ച് അതെ നൂൽപ്പാലത്തിലൂടെ ഒരു നാടിന് അന്യമായ ആവേശം തിരികെ കൊടുക്കാനുള്ള ശ്രമമാണ് രണ്‍ജി പണിക്കരും കൂട്ടരും നടത്തുന്നത്. അതെ, ഈ അവധിക്കാലത്ത് മതിമറന്ന് ചിരിച്ച് തിമിർക്കാനുള്ള വകയെല്ലാം ഗോദയിൽ ബേസിൽ ഒരുക്കിയിട്ടുണ്ട്.
മടിയും ലക്ഷ്യവും ഒന്നിച്ചാൽ എങ്ങനെയുണ്ടാവും. ഗോദയിൽ ഇത് രണ്ടും ദൃശ്യമാകുന്നുണ്ട്. മടി ആർക്കാണെന്നും ലക്ഷ്യം ആരുടേതാണെന്നുമെല്ലാമുള്ള ചിന്ന ചിന്ന സസ്പെൻസുകളാണ് ചിത്രത്തിന്‍റെ വേഗം കുറയ്ക്കുകയും കൂട്ടുകയും ചെയ്യുന്നത്. തന്നിൽ മികച്ചൊരു നടനുണ്ടെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ആഞ്ജനയ ദാസനിലൂടെ ടോവിനോ തോമസ്. കണ്ണാടിക്കൽ ഗ്രാമത്തിലെ ഗുസ്തിക്കാരും ഇപ്പോഴത്തെ ന്യൂജൻ ചിന്താഗതികളും തമ്മിലുള്ള ആശയകുഴപ്പങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടു പോകുന്നത്.
മാസ് എൻട്രിയും പഞ്ച് ഡയലോഗുകളും കൊണ്ട് രണ്‍ജി പണിക്കർ പ്രേക്ഷകരുടെ മനസ് ഇളക്കുന്പോൾ ഗുസ്തിക്കാരിയായി എത്തി വാമിഖ ഗബ്ബി ചിത്രത്തിന്‍റെ നട്ടെല്ലായി മാറി. സ്ത്രീ സ്വപ്നങ്ങളുടെ വലിപ്പമറിയാമോയെന്ന് നായിക നായകനോട് ചോദിക്കുന്നിടത്ത് ഇന്നും സത്രീകൾ നേരിടേണ്ടിവരുന്ന വെല്ലുവിളികൾ കൂടി വരച്ചിടാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. ഹിന്ദി സംസാരിക്കുന്ന പഞ്ചാബി സ്വദേശിനിയായ നായിക മലയാളികളെ കൈയിലെടുക്കുന്ന കാഴ്ച തിയറ്ററിൽ തന്നെ പോയി ആസ്വദിക്കുക (സബ് ടൈറ്റിലിന് നന്ദി… ഇല്ലെങ്കിൽ പാടുപെട്ടേനെ).
ആദ്യ പകുതിയിൽ കേരളത്തിലൂടെയും പഞ്ചാബിലൂടെയുമെല്ലാം ഗുസ്തിയെ സഞ്ചരിപ്പിച്ച് നായകനെയും നായികയേയും കൂട്ടിമുട്ടിക്കാനുള്ള ശ്രമമെല്ലാം ഒഴുക്കോടെയാണ് പോകുന്നത്. നാട്ടിൻപുറത്തെ തമാശകളും കാഴ്ചകളുമെല്ലാം ഏച്ചുകെട്ടലുകളില്ലാതെ തന്നെ കടന്നുവന്നപ്പോൾ പുതുമയള്ള കൗണ്ടറുകൾ ചിത്രത്തിൽ സ്ഥാനം പിടിച്ചു. ദംഗലും സുൽത്താനുമെല്ലാം പറഞ്ഞതുപോലുള്ള ഗുസ്തി കഥയല്ല ഗോദയിൽ പറയുന്നത്. സിനിമ ഇറങ്ങുംവരെ ഉണ്ടായിരുന്ന താരതമ്യങ്ങളെ ബേസിൽ ചിത്രം ഇറങ്ങിയതോടെ മലർത്തിയടിച്ചിരിക്കുകയാണ്.
അച്ഛൻ-മകൻ കോന്പിനേഷനുകൾ എന്നും മനസിലേറ്റിയിട്ടുള്ള മലയാളികൾക്ക് മുന്നിൽ രണ്‍ജി പണിക്കർ-ടോവിനോ എന്ന പുതിയ കോന്പിനേഷൻ കൂടി മുന്നോട്ടു വച്ചിരിക്കുകയാണ് സംവിധായകൻ. മകന്‍റെ പേടിയും അച്ഛന്‍റെ കടുംപിടിത്തവുമെല്ലാം കല്ലുകടികളില്ലാതെ അവതരിപ്പിക്കാൻ ഇരുവർക്കും സാധിച്ചിട്ടുണ്ട്. ക്രിക്കറ്റും ഗുസ്തിയും തമ്മിലുള്ള ഒരു ഗുസ്തിപിടുത്തം ചിത്രത്തിന്‍റെ ആദ്യപകുതിയിൽ ദൃശ്യമാകുന്നുണ്ട്. എന്നാൽ രണ്ടാം പകുതിയിൽ അദിതി സിംഗ് കണ്ണാടിക്കല്ലിലേക്ക് എത്തുന്നതോടെ ഗുസ്തിയുടെയ പഴയ പ്രതാപം വീണ്ടെടുക്കുന്ന കാഴ്ചയും ചിത്രത്തിൽ കാണാനാവും.
ഗുസ്തിക്കാർക്കിടയിൽ പാട്ടുകാരന് എന്തുകാര്യമെന്ന ചോദ്യം ഒന്നും വേണ്ട. നല്ല വെടിപ്പായി ഗുസ്തിപിടിച്ച് ഷാൻ റഹ്മാൻ ഒരുക്കിയിരിക്കുന്നത് കാതിനും മനസിനും ഉണർവ് നൽകുന്ന സംഗീതം തന്നെയാണ്. പ്രണയവും ഗുസ്തിയും നാട്ടിൻപുറത്തിന്‍റെ ഭംഗിയുമെല്ലാം പാട്ടിലൂടെ താളംതല്ലി പോകുന്ന കാഴ്ചകൾ കാണേണ്ടത് തന്നെയാണ്. ക്ലൈമാക്സിനോടു ചേർന്ന് ഒരുങ്ങിയ ഗുസ്തി മത്സരവും അതിനോട് ചേർന്നുള്ള ആരവവുമെല്ലാമാണ് ചിത്രത്തിന്‍റെ മാറ്റ് കൂട്ടുന്നത്. അത്തരം കാഴ്ചകളെ മികവോടെ ഫ്രെയിമിൽ ഒതുക്കിയിരിക്കുന്നത് ഛായാഗ്രാഹകൻ വിഷ്ണു ശർമയാണ്.
ഫോം നഷ്ടപ്പെടലും വീണ്ടെടുക്കലും കളിയിലെ പോലെ സിനിമയിലും കണ്ടുവരുന്ന കാഴ്ചയാണ്. അജു വർഗീസും ഹരീഷ് കണാരനുമെല്ലാം ഇതെ പാതയിലൂടെ സഞ്ചരിക്കുന്നവരാണ്. ഗോദയിലെ ഗുസ്തിപിടുത്തത്തിനിടയിലും തനിമയുള്ള തമാശയുടെ പൂരം ഇരുവരും ചേർന്ന് ഒരുക്കിയിട്ടുണ്ട്. ഗുസ്തിയുടെ സീരിയസ്നെസിനെ തമാശയുടെ രസക്കൂട്ടിൽ അടച്ചിട്ടുകൊണ്ട് ചിത്രത്തിനായി തിരക്കഥാ ഭാഷ്യം രചിച്ചിരിക്കുന്നത് രാകേഷാണ്. കൗണ്ടറുകളും തമാശകളും നാട്ടിൻപുറത്തെ കാഴ്ചകൾക്കും ഇടയിൽ ലക്ഷ്യം തെറ്റാതെ ചിത്രം ഗോദയിൽ വന്നെത്തി നിൽക്കുന്നുണ്ട്. അപ്പോഴേക്കും അതുവരെ ചിത്രത്തിൽ ഒളിഞ്ഞും തെളിഞ്ഞും നിന്ന കഥ കൂടി താനെ പുറത്തു ചാടുന്നുണ്ട്. ഈ കുഞ്ഞ് കഥ തന്നെയാണ് രണ്ടാം പകുതിയിൽ ചിത്രത്തെ ബാലൻസ് ചെയ്ത് നിർത്തുന്നത്.
ബേസിൽ ജോസഫ് പാകപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഒരു നല്ല സംവിധായകൻ എന്ന ലേബലിലേക്ക്. ഗോദ സാക്ഷ്യപ്പെടുത്തുന്നതും അതുതന്നെയാണ്. ചിരിയിൽ കോർത്തിണക്കിയ ഗോദയിലെ കാഴ്ചകൾ കാണാൻ പ്രതീക്ഷാ ഭാരം മാറ്റിനിർത്തി ടിക്കറ്റെടുത്തോളു, നിങ്ങൾ നിരാശരാകില്ല…
(ചിരിച്ചുകൊണ്ട് ഗുസ്തി ആസ്വദിക്കാൻ ഗോദയിലേക്ക് ഇറങ്ങൂ. അവിടെ നിങ്ങളെ മലർത്തിയടിക്കാൻ ടോവിനോയും കൂട്ടരും നിൽപ്പുണ്ട്.)
വി.ശ്രീകാന്ത്