തിരുവനന്തപുരം: തീയറ്ററുകളില്‍ ഗുസ്തിയുടെ ആവേശമുയര്‍ത്തി മുന്നേറുകയാണ് ബേസില്‍ ജോസഫ് സംവിധാനം നിര്‍വഹിച്ച ‘ഗോദ’. എന്നാല്‍ ചിത്രത്തെ തകര്‍ക്കുക എന്ന ഉദ്ദേശത്തോടെ ചിലര്‍ തീയറ്റര്‍ പ്രിന്റ് ഫേസ്ബുക്കു വഴി പ്രചരിപ്പിക്കുന്നുമുണ്ട്. ഫേസ്ബുക്കില്‍ ലൈവായാണ് തീയറ്റര്‍ പ്രിന്റ് പ്രചരിച്ചത്. ഇതോടെ സംഭവത്തില്‍ എതിര്‍പ്പുമായി ഗോദയുടെ നിര്‍മ്മാതാവ് സിവി സാരഥി രംഗത്തെത്തി. മറ്റുചില നടന്മാരുടെ ആരാധകരാണെന്ന് അവകാശപ്പെട്ടു കൊണ്ടാണ് ഇത്തരക്കാര്‍ ടൊവിനോ ചിത്രത്തെ തകര്‍ക്കുക എന്ന ഉദ്ദേശ്യത്തോടെ രംഗത്തെത്തിയത്. ചലച്ചിത്ര വ്യവസായത്തെത്തന്നെ തകര്‍ക്കുന്ന നടപടി സ്വീകരിക്കുന്നവര്‍ക്ക് എങ്ങനെ ഒരു നടന്റെ ആരാധകരെന്ന് അവകാശപ്പെടാന്‍ സാധിക്കുമെന്ന ചോദ്യം ഉന്നയക്കുകയാണ് സാരഥി. ഫേസ്ബുക്കിലൂടെയആണ് അദ്ദേഹം തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. ഞങ്ങളുടെ കഠിനാധ്വാനത്തെ മാനിക്കുന്നുവെങ്കില്‍ ഇങ്ങനെ ഉപദ്രവിക്കരുത് എന്നാണ് സാരഥി പറയുന്നത്.
സാരഥിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇതാണ്:
കുഞ്ഞിരാമായണത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ സമയത്തേ ബേസില്‍ ജോസഫ് തന്റെ അടുത്ത ചിത്രം സ്ത്രീ കേന്ദ്രീകൃതമാവണമെന്ന് തീരുമാനിച്ചിരുന്നു. ‘എന്ന് നിന്റെ മൊയ്തീന്‍’ റിലീസായി ഒരു മാസം കഴിഞ്ഞപ്പോള്‍ത്തന്നെ ‘ആഞ്ജനേയ ദാസാ’യി ടൊവീനോയെ തീരുമാനിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ടൊവിനോ കഥാപാത്രത്തിനായി കഠിനപരിശീലനം അരംഭിച്ചത്. ആഞ്ജനേയ ദാസിന്റെയും ക്യാപ്റ്റന്റെയും (രണ്‍ജി പണിക്കര്‍) അതിഥി സിങിന്റെയും (വമിഖ ഗബ്ബി) കഥയായിരുന്നു ഗോദ. അതിഥി സിംഗായി അഭിനയിക്കുന്ന വാമിഖാഗാബിയ്ക്കായിരിക്കും കൂടുതല്‍ കൈയ്യടി എന്നറിഞ്ഞുകൊണ്ട് തന്നെയാണ് ടൊവീനോ കഥാപാത്രമാവാന്‍ തയ്യാറായത്. ടൊവിനോയുടെ അര്‍പ്പണവും പ്രതിബദ്ധതയുമാണ് ഗോവ യാഥാര്‍ഥ്യമായതിനു പിന്നില്‍.
ഗോദ പൂര്‍ത്തിയാക്കാന്‍ സമയമെടുക്കുമെന്ന് മനസിലാക്കിയാണ് ഇടയ്ക്ക് ‘ഗപ്പി’ ചെയ്തത്. മറ്റൊരു പ്രമുഖ നടന്‍ ഒഴിവാക്കിയ വേഷമാണ് ‘തേജസ് വര്‍ക്കി’യുടേത്. പക്ഷേ ചിത്രം കണ്ടപ്പോള്‍ ടൊവീനോയ്ക്കല്ലാതെ അത്രയും ഭംഗിയായി ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മറ്റൊരാള്‍ക്കാവില്ലെന്ന് ബോധ്യമായി. ‘ദംഗലി’നും മുന്‍പേ തീയേറ്ററുകളിലെത്തേണ്ട ചിത്രമായിരുന്നു ‘ഗോദ’. പല കാരണങ്ങള്‍കൊണ്ടാണ് അത് സാധ്യമാവാതിരുന്നത്. മലയാളത്തിലെ എല്ലാ സിനിമകളും വിജയിക്കണമെന്നു തന്നെയാണ് എന്റെ ആഗ്രഹം. പക്ഷെ മറ്റൊരു സിനിമയെ പ്രൊമോട്ടു ചെയ്യാന്‍ വേണ്ടി ഞങ്ങളുടെ കഠിനാധ്വാനത്തെ അവമതിക്കരുത്.
ഗോദയുടെ വ്യാജപതിപ്പ് ചിലര്‍ ടോറന്റ്‌സില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടു. ചിലര്‍ അത് ഫേസ്ബുക്ക് വഴി പ്രചരിപ്പിക്കുന്നതും കണ്ടു. മറ്റ് നടന്മാരുടെ ആരാധകരാണെന്നാണ് അവരില്‍ ചിലര്‍ അവകാശപ്പെടുന്ന്. പക്ഷേ ചലച്ചിത്രവ്യവസായത്തെത്തന്നെ തകര്‍ക്കുന്ന നടപടിയെടുക്കുന്നവര്‍ക്ക് എങ്ങനെയാണ് ഒരു നടന്റെ ആരാധകരാവാന്‍ സാധിക്കുക? കേരളത്തിലെ 110 തീയേറ്ററുകളില്‍ മാത്രമാണ് ഗോദ റിലീസ് ചെയ്തിരിക്കുന്നത്. അതിലേതോ തീയേറ്ററില്‍ നിന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന ആ ക്യാമറാപ്രിന്റ് പുറത്തുവന്നിരിക്കുന്നത്. നിങ്ങള്‍ സിനിമയെ സ്‌നേഹിക്കുന്ന ഒരാളാണെങ്കില്‍ ഞങ്ങളുടെ അധ്വാനത്തെ മാനിക്കുക. ഗോദ തീയേറ്ററില്‍ മാത്രം കാണുക. ഇന്ത്യന്‍ ചലച്ചിത്ര മേഖലയില്‍ വലുപ്പംകൊണ്ട് ചെറിയ വ്യവസായമായ മലയാളം ഒന്നാമത് നില്‍ക്കുന്നത് നമ്മുടെ സിനിമകളുടെ ഗുണനിലവാരം കൊണ്ടാണ്. പക്ഷേ സിനിമകളിറങ്ങി രണ്ടാംദിവസം ഇത്തരത്തില്‍ വ്യാജന്‍ ഇറങ്ങിയാല്‍ നമ്മളെങ്ങനെ പിടിച്ചുനില്‍ക്കും? തീയേറ്ററില്‍ അഞ്ച് കോടി ഷെയര്‍ ലഭിക്കുന്ന ചിത്രം പോലും ‘ഹിറ്റ്’ എന്ന് പരിഗണിക്കപ്പെടുന്ന ഇന്‍ഡസ്ട്രിയാണ് നമ്മുടേത്.
രണ്ടോ മൂന്നോ ചിത്രങ്ങള്‍ മാത്രമാണ് ഇവിടെ വര്‍ഷത്തില്‍ രണ്ടോ മൂന്നോ ചിത്രങ്ങളാണ് പത്തുകോടിയ്ക്കടുത്ത് നേടുന്നത്. ക്ഷീണിതമായ മലയാള സിനിമയെ കൂടുതല്‍ തകര്‍ക്കുകയാണ് വ്യാജപതിപ്പ് ഇറക്കുന്നവര്‍ തകര്‍ക്കുന്നത്.ഗോദയ്‌ക്കൊപ്പം അടുത്തകാലത്ത് തീയേറ്ററുകളിലെത്തിയ സഖാവ്, ലക്ഷ്യം, സിഐഎ തുടങ്ങിയ ചിത്രങ്ങളും ഇന്റര്‍നെറ്റിലുണ്ട്. വ്യാജന്‍ പ്രചരിച്ചിട്ടും ബാഹുബലി-2ന് 25 കോടി തീയേറ്റര്‍ ഷെയര്‍ കൊടുത്ത സംസ്ഥാനമാണ് നമ്മുടേത്. അതുകൊണ്ട് തീയേറ്ററിലേക്കുപോകാന്‍ മടിയുള്ളവരല്ല നമ്മള്‍. അത്തരം ചിത്രങ്ങളോട് ബജറ്റിനോട് മത്സരിക്കാന്‍ നമുക്കാവില്ല. ഗുണനിലവാരത്തിലേ നമുക്ക് മത്സരിക്കാനാവൂ. ബാഹുബലി തീയേറ്ററില്‍ കാണാമെങ്കില്‍ എന്തുകൊണ്ട് ഗോദയോ സിഐഎയോ ലക്ഷ്യമോ അങ്ങനെ ആയിക്കൂടാ? അങ്ങനെ ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അല്ലാത്തപക്ഷം പത്ത് വര്‍ഷത്തിന് ശേഷം ‘ഇവിടെ മലയാള സിനിമകള്‍ ഉണ്ടായിരുന്നു’വെന്ന് നമ്മുടെ ചെറുമക്കള്‍ പറഞ്ഞേക്കാം. സാരഥി പറയുന്നു.