റൊസാരിയൊ (ഉറുഗ്വെ): ഉറുഗ്വെ ഫുട്ബോൾ ടീം മുൻ ക്യാപ്റ്റനും സ്പാനിഷ് ക്ലബ്ബായ അത്ലറ്റിക്കോ മാഡ്രിഡിന്റെ മുൻ താരവുമായ ഡിയേഗോ ഗോഡിൻ വിരമിച്ചു. അർജന്റൈൻ ക്ലബ്ബായ വേലെസ് സർസ്ഫീൽഡിനുവേണ്ടിയായിരുന്നു മുപ്പത്തേഴുകാരനായ സെന്റർ ബാക്ക് താരം അവസാനമായി കളിച്ചത്.
ഉറുഗ്വെയ്ക്കുവേണ്ടി ഏറ്റവും കൂടുതൽ രാജ്യാന്തര മത്സരം കളിച്ച റിക്കാർഡ് ഗോഡിന്റെ പേരിലാണ്. 161 രാജ്യാന്തര മത്സരങ്ങളിൽനിന്ന് എട്ട് ഗോളും ഗോഡിൻ ഉറുഗ്വെ ജഴ്സിയിൽ സ്വന്തമാക്കി.
ക്ലബ് കരിയറിൽ വിയ്യാറയൽ (116), അത്ലറ്റിക്കോ മാഡ്രിഡ് (389) ടീമുകൾക്കായാണ് ഏറ്റവും കൂടുതൽ മത്സരം കളിച്ചത്. 721 ക്ലബ് മത്സരങ്ങളിൽനിന്ന് 44 ഗോളും ഗോഡിൻ സ്വന്തമാക്കി.
2011 കോപ്പ അമേരിക്ക സ്വന്തമാക്കിയ ഉറുഗ്വെൻ ടീമിൽ അംഗമായിരുന്നു. ക്ലബ് തലത്തിൽ ലാ ലിഗ, യുവേഫ യൂറോപ്പ ലീഗ്, യുവേഫ സൂപ്പർ കപ്പ്, കോപ്പ ഡെൽ റേ തുടങ്ങിയ കിരീടങ്ങൾ സ്വന്തമാക്കി.