കഴിവുണ്ടായിട്ടും അവസരങ്ങളില്ലാത്തതിന്റെ പേരിൽ അവസരം നിഷേധിക്കപ്പെടുന്ന നിരവധി കലാകാരന്മാർ നമ്മുടെ സമൂഹത്തിൽ ഉണ്ട്. അത്തരമാളുകൾക്ക് എന്നും കൈത്താങ്ങാണ് സോഷ്യൽ മീഡിയ. ഇപ്പൊഴിത ആലപ്പുഴ ജില്ലയിലെ നൂറനാട് സ്വദേശി രാകേഷിനെ തേടി അത്തരമൊരു സൗഭാഗ്യം സോഷ്യൽമീഡിയായിൽ നിന്നുമെത്തിയിരിക്കുകയാണ്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാകേഷ് ആലപിച്ച ഒരു ഗാനം സോഷ്യൽമീഡിയായിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഉലകനായകൻ കമൽഹാസൻ അഭിനയിച്ച വിശ്വരൂപം എന്ന ചിത്രത്തിലെ ശങ്കർ മഹാദേവൻ ആലപിച്ച “ഉന്നെ കാണതു നാൻ ഇൻട്ര് നാനില്ലയേ’ എന്ന് ആരംഭിക്കുന്ന ഗാനമായിരുന്നു അത്.
ഈ പാട്ട് സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെയും ശ്രദ്ധയിലുംപെട്ടിരുന്നു. ഉടൻ തന്നെ അദ്ദേഹം “എന്റെ പാട്ട് പാടാൻ ഈ ശബ്ദം വേണം. ഈ അനുഗ്രഹീത കലാകാരനെ കണ്ടെത്താൻ എന്നെ സഹായിക്കു’ എന്ന് വീഡിയോ ഷെയർ ചെയ്ത് ഫേസ്ബുക്കിൽ കുറിക്കുകയും ചെയ്തു.
സോഷ്യൽമീഡിയായുടെ ഇടപെടലോടെ ഗോപി സുന്ദറിന് രാകേഷിനെ കണ്ടെത്താനുമായി ഇതൊരിക്കലും വൈറലാകുമെന്ന് കരുതിയില്ലെന്നാണ് രാകേഷ് പറയുന്നത്. ജോലിക്കു പോയ സമയം അവിടെയുണ്ടായിരുന്ന ഒരു ഡ്രൈവർ പറഞ്ഞതിനുസരിച്ചാണ് ഈ പാട്ടുപാടിയത്. അദ്ദേഹം തന്നെയാണ് ഈ വീഡിയോ സോഷ്യൽമീഡിയായിൽ പങ്കുവെയ്ക്കുകയും ചെയ്തത്.
കുവൈത്തിലുള്ള സഹോദരി ഭർത്താവാണ് ഈ പാട്ട് വൈറലായെന്നും ഗോപി സുന്ദറിന്റെ പോസ്റ്റിനെ കുറിച്ചും രാകേഷിനോട് പറയുന്നത്. തന്റെ വീട്ടിലുള്ളവരെല്ലാവരും കലാകാരന്മാരാണെന്നും അവരുടെ പാട്ട് കേട്ടാണ് ഞാൻ പാടാൻ തുടങ്ങിയതെന്നാണ് രാകേഷ് പറയുന്നത്. ഒരു ആഗ്രഹം തോന്നിയതിനാൽ കഴിഞ്ഞ രണ്ടു മാസമായി താൻ പാട്ട് പഠിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാകേഷിനെ ഉടൻ നേരിൽ കാണുമെന്ന് ഗോപി സുന്ദർ പറഞ്ഞു. രാകേഷിനെ കൊണ്ട് തന്റെ അടുത്ത സിനിമയിൽ പാടിപ്പിക്കുമെന്നും ഒരു പാട്ട് കേട്ടു പാടുന്നതു പോലെയല്ല ഒരു പാട്ട് പഠിച്ചു പാടുന്നതെന്നും രാകേഷ് കഴിവുള്ളയാളാണെന്നും ഗോപി സുന്ദർ പറഞ്ഞു.