കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം പുരോഗമിക്കവേ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ അന്വേഷണ ഏജന്‍സികള്‍ വീണ്ടും ചോദ്യം ചെയ്തേക്കുമെന്നു സൂചന. പ്രതിയായ സ്വപ്ന സുരേഷിന്റെ മൊഴിയിലെ വൈരുധ്യം ചൂണ്ടികാട്ടിയാകും ചോദ്യം ചെയ്യലെന്നാണു വിവരം.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാകും ആദ്യം ശിവശങ്കറെ വിളിച്ചുവരുത്തുകയെന്നാണു പുറത്തുവരുന്ന വിവരങ്ങള്‍. അതിനുശേഷം വേണ്ടിവന്നാല്‍ എന്‍ഐഎയും ശിവശങ്കറിനെ ചോദ്യം ചെയ്തേക്കുമെന്നും വിവരങ്ങളുണ്ട്.
എന്നാല്‍, ഇതു സംബന്ധിച്ച വ്യക്തത നല്കാന് അന്വേഷണ സംഘം തയാറായിട്ടില്ല. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടു ഉന്നതരുടെ സാന്നിധ്യം ഉറപ്പിച്ചതോടെ വരും ദിവസങ്ങളില്‍ പഴുതടച്ച അന്വേഷണത്തിലേക്കു കടക്കാനൊരുങ്ങുകയാണു ദേശീയ അന്വേഷണ ഏജന്‍സികള്‍.
ലൈഫ് മിഷന് പദ്ധതിയിലെ കരാറുകാരോടു ശിവശങ്കരനെ കാണാന്‍ യുഎഇ കോണ്‍സുല്‍ ജനറല്‍ തന്നെ ആവശ്യപ്പെട്ടത് എന്തിനെന്നാണ് സംഘം പരിശോധിക്കുന്നുണ്ട്. ഇത് സംബന്ധിച്ച ചില വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായാണു സൂചന.
സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ടു വാദം കേള്‍ക്കുന്നതിനിടെ ശിവശങ്കറിന്റെ പേരു പരാമര്‍ശിച്ചു കൂടുതല്‍ അന്വേഷണം വേണമെന്ന് ഇഡി ആവശ്യപ്പെട്ടിരുന്നു. സ്വപ്നയ്ക്ക് ഒരു കോടി രൂപയാണ് കമ്മീഷനായി നല്‍കിയത്.
ഇതിനുശേഷവും ശിവശങ്കറിനെ കാണാന്‍ എന്തിനാണ് കോണ്‍സുല്‍ ജനറല്‍ നിര്‍ദേശിച്ചത് ഇക്കാര്യം വിശദമായി അന്വേഷിക്കേണ്ടതുണ്ട് എന്നും ഇഡി വ്യക്തമാക്കുന്നു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ശനിയാഴ്ച ശിവശങ്കറിനെ അഞ്ച് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.
ഈ മൊഴി വിലയിരുത്തുന്ന സംഘം കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത തേടുമെന്നാണു വിവരം. സ്വപ്നയുടെ രണ്ട് ബാങ്ക് ലോക്കറുകളെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലെ വിശദാംശങ്ങളാണ് കഴിഞ്ഞ ദിവസം പ്രധാനമായും ശിവശങ്കറിനോട് ചോദിച്ചത്.
ശിവശങ്കര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ലോക്കര്‍ തുറന്നതെന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴിയായിരുന്നു ഇതിന് ആധാരമത്രേ. എന്‍ഐഎക്കും കസ്റ്റംസിനും പിന്നാലെയാണ് എന്‍ഫോഴ്സ്മെന്റും ശിവശങ്കറിനെ ചോദ്യം ചെയ്തത്.