പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ആള്‍ദൈവം മുംബൈയില്‍ അറസ്റ്റിലായി. ഗുലാം മുഹമ്മദ് റഫീക്ക് ഷെയ്ക്ക് എന്ന 60കാരനാണ് അറസ്റ്റാലായത്. ‘സീതിവാല ബാബ’ എന്ന പേരിലാണ് ഇയാള്‍ അറിയപ്പെടുന്നത്. മൂന്നുമാസമായി ഒളിവിലായിരുന്ന ഇയാള്‍ ഡിസംബര്‍ 23നാണ് പിടിയിലായത്. ഒളിവില്‍ കഴിയുന്നതിനിടയില്‍ ഇയാള്‍ രണ്ടു തവണ മുന്‍കൂര്‍ ജാമ്യത്തിനപേക്ഷിച്ചിരുന്നെങ്കിലും ജാമ്യം ലഭിച്ചില്ല. ഇയാളെ ഇപ്പോള്‍ ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. മാനഭംഗം, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്‌ക്കെതിരായ അതിക്രമം തുടങ്ങി പോസ്‌കോ ആക്റ്റില്‍ വരുന്ന വിവിധ കേസുകളാണ് ഇയാള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.
ഭൈഗന്‍വാടിയിലെ ശിവാജിനഗര്‍ സ്വദേശിയാണ് ഷെയ്ക്ക്. കര്‍ബല മൈതാനിയ്ക്കു സമീപത്തുള്ള ദര്‍ഗയിലാണ് ഇയാള്‍ ഭൂരിഭാഗം സമയവും ചെലവിട്ടിരുന്നത്. ചില ഒറ്റപ്പെട്ട ജോലികളും ഇയാള്‍ ചെയ്തിരുന്നു. സെപ്റ്റംബര്‍ ആറിന് വൈകുന്നേരം 7.30നാണ് ഇയാളുടെ അറസ്റ്റിലേക്കു നയിച്ച സംഭവം നടന്നത്. ഈ സമയത്ത് ദര്‍ഗയില്‍ സന്ദര്‍ശനം നടത്തിയ പെണ്‍കുട്ടിയെ ഷെയ്ക്ക് പ്രലോഭിപ്പിച്ച് ഇരുട്ടത്തേക്കു കൊണ്ടു പോവുകയായിരുന്നു. പെണ്‍കുട്ടിയെ മടിയില്‍ ഇരുത്തിയ ഇയാള്‍ കുട്ടിയുടെ ശരീരത്തില്‍ മോശമായി സ്പര്‍ശിക്കുകയായിരുന്നു. ഇത് ഒരാള്‍ കണ്ടതിനെത്തുടര്‍ന്ന് ഇയാള്‍ ഓടിപ്പോകുകയായിരുന്നു. അന്ന് മുങ്ങിയ ഇയാള്‍ മകനെ കാണാനായി ശിവാജി നഗറില്‍ എത്തിയപ്പോഴാണ് പോലീസ് പൊക്കുന്നത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. സംഭവം കണ്ട ആള്‍ വിവരം കുട്ടിയുടെ മാതാപിതാക്കളോടു പറയുകയായിരുന്നു. കുട്ടിയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിരുന്നു.