വിവാദ സ്വാമി നിത്യാനന്ദയ്ക്കെതിരേ പരാതിയുമായി മൂന്നു കുട്ടികളുടെ പിതാവ്.അഹമ്മദാബാദിലെ നിത്യാനന്ദയുടെ ആശ്രമത്തില്‍ തന്റെ മക്കളെ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് കാട്ടി പിതാവ് പോലീസില്‍ പരാതി നല്കി. ഇതേതുടര്‍ന്ന് അന്യായമായി തടവില്‍ പാര്‍പ്പിക്കല്‍, തട്ടിക്കൊണ്ടു പോകല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ആശ്രമ അധികൃതര്‍ക്കെതിരെ വിവേകാനന്ദ് പൊലീസ് കേസെടുത്തു.
കര്‍ണാടക സ്വദേശിയായ ജനാര്ദനന് ശര്‍മ്മയാണ് നിത്യാനന്ദയ്ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. തന്റെ 12 വയസ്സുകാരനായ മകനെയും 15ഉം19ഉം പ്രായമുള്ള പെണ്മക്കളെയും നിത്യാനന്ദയുടെ ആശ്രമത്തില്‍ അന്യായമായി തടഞ്ഞുവെച്ചിരിക്കുകയാണെന്നാണ് പരാതിയില്‍ അദ്ദേഹം വ്യക്തമാക്കുന്നത്.പരാതിയെ തുടര്‍ന്ന് മകനെയും ഒരു മകളെയും പൊലീസ് സ്റ്റേഷനിലെത്തിച്ച് ആനന്ദ് ശര്‍മ്മയെ കാണിച്ചു. എന്നാല്‍ 19കാരിയായ മകള്‍ നന്ദിതയെ ആശ്രമത്തിനുള്ളില്‍ പൊലീസിന് കണ്ടെത്താന്‍ കഴിയാത്തതിനാല്‍ പിതാവിന് കാണാന്‍ കഴിഞ്ഞില്ല.
ആശ്രമ അധികൃതര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് എന്നെ സഹായിച്ചു. എന്റെ മക്കളെ ബാംഗ്ലൂരില്‍ നിന്ന് അഹമ്മദാബാദ് ആശ്രമത്തിലെത്തിച്ചത് എന്നെ അറിയിക്കാതെയാണ്. ഇപ്പോള്‍ ഞങ്ങള്‍ ഇവിടെ നിന്നു പോവുന്നത് എന്റെ മകളെ കാണാനാവാതെയാണ്. എന്ത് ആത്മീയ കാര്യമാണിതെന്ന് ആനന്ദ് ശര്‍മ്മ മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാല്‍ ഈ പരാതിയുടെ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നതിനെ തുടര്‍ന്ന് മകളായ നന്ദിത വീഡിയോ സന്ദേശത്തിലൂടെ പ്രതികരിച്ചു. തനിക്ക് നിത്യാനന്ദയുടെ ആശ്രമത്തില്‍ തുടരാന്‍ തന്നെയാണ് ആഗ്രഹം. തന്റെ മാതാപിതാക്കള്‍ക്കൊപ്പം പോവാന്‍ താല്പര്യമില്ലെന്നും താന്‍ സ്വതന്ത്രയാണെന്നും തന്റെ തീരുമാനപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നും നന്ദിത വീഡിയോയില്‍ പറഞ്ഞു.