അമൃത ചൈതന്യയെന്ന സന്തോഷ് മാധവന്‍,വികാസ് ജോഷി എന്ന സ്വാമി വികാസാനന്ദ്, ആശാറാം ബാപ്പുവിന് മുമ്പ് അഴിക്കുമുമ്പില്‍ പോയ ബാലപീഡകന്മാര്‍ ഇവരൊക്കെ…

ന്യൂഡല്‍ഹി: ആളുകളുടെ വിശ്വാസത്തെ ചൂഷണം ചെയ്ത് കുട്ടികള്‍ അടക്കമുള്ളവരെ ലൈംഗിക പീഡനത്തിനിരയാക്കിയതിന്റെ പേരിലാണ് ആശാറാം ബാപ്പുവിന് ഇപ്പോള്‍ ജീവപര്യന്തം തടവ് ലഭിച്ചിരിക്കുന്നത്.

ആശാറാം ബാപ്പുവിന് മുമ്പും ഇത്തരം പല ആള്‍ദൈവങ്ങളും പീഡനക്കേസില്‍ അകത്തു പോയിട്ടുണ്ട്. സ്വാമി പ്രേമാനന്ദ,സ്വാമി പ്രേമാനന്ദ, സന്തോഷ് മാധവന്‍, വികാസ് ജോഷി എന്നിവരാണ് മുന്‍പ് ബാലപീഡനത്തിന്റെ പേരില്‍ അകത്ത് പോയ പ്രമുഖര്‍. പതിനഞ്ച് വര്‍ഷം മുന്‍പ് ആശ്രമത്തിലെ രണ്ട് യുവതികളെ പീഡിപ്പിച്ച കേസില്‍ ആള്‍ദൈവം ഗുര്‍മീത് റാം റഹിമും ജയിലിലാണ്.

ബാല പീഡകരുടെ കൂട്ടത്തിലെ കേമന്‍ പ്രേം കുമാര്‍ സോമസുന്ദരം എന്ന സ്വാമി പ്രേമാനന്ദയാണ്. രണ്ടു ഡസനിലേറെ കൊച്ചുകുട്ടികളെ പീഡിപ്പിക്കുകയും കൊലപാതകം അടക്കമുള്ള കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെടുകയും ചെയ്ത പ്രേമാനന്ദയെ 1997ലാണ് ഇരട്ട ജീവപര്യന്തം തടവിനു ശിക്ഷിച്ചത്.

ശ്രീലങ്കയില്‍ നിന്നും 1984ല്‍ ഇന്ത്യയില്‍ എത്തി ആശ്രമം തുടങ്ങി ആയിരക്കണക്കിന് ആളുകളെ അനുയായികളായി വച്ചുകൊണ്ടിവരുന്ന സ്വാമിയുടെ യഥാര്‍ത്ഥ സ്വഭാവം പുറംലോകമറിഞ്ഞത് 1994ലായിരുന്നു. ആശ്രമത്തില്‍ നിന്നും രക്ഷപ്പെട്ട ഒരു പെണ്‍കുട്ടിയാണ് അതിനുള്ളില്‍ നടക്കുന്ന പീഡനങ്ങളുടെ കഥ പുറംലോകത്തെ അറിയിച്ചത്.

ആശ്രമത്തില്‍ തുടര്‍ച്ചയായ മാനഭംഗത്തിന് ഇരയായ പെണ്‍കുട്ടി താന്‍ ഗര്‍ഭിണിയാണെന്ന് പോലീസിനെ അറിയിക്കുകയായിരുന്നു. 150 ഏക്കറോളം വരുന്ന ഫാത്തിമനഗറിലെ ആശ്രമത്തിലായിരുന്നു ഈ ക്രൂരത അരങ്ങേറിയത്.

ശ്രീലങ്കയിലായിരുന്നു സ്വാമി തന്റെ ബിസിനസിന് വിത്തു പാകിയത്. ശ്രീലങ്കയിലെ മതാലെയില്‍ ആശ്രമവും അനാഥാലയവും നടത്തിയിരുന്ന പ്രേംകുമാര്‍ ആഭയന്തര യുദ്ധം കൊടുമ്പിരി കൊണ്ടപ്പോള്‍ അനാഥരായ സ്ത്രീകളെയും കുട്ടികളെയും കൊണ്ട് ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു.

തിരുച്ചിറപ്പള്ളിയില്‍ ആദ്യം ആശ്രമം സ്ഥാപിച്ച ഇയാള്‍ പിന്നീട് ഫാത്തിമ നഗറിലേക്ക് മാറി. തേക്കും ഫലവൃക്ഷങ്ങളും ഔഷധസസ്യജാലങ്ങളും പൂന്തോട്ടവുമുള്ള സ്വാമിയുടെ ആശ്രമം അക്കാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു.

ആശ്രമത്തില്‍ 200 ഓളം അന്തേവാസികളാണ് ഉണ്ടായിരുന്നത്. ഇവരില്‍ ഏറെയും ശ്രീലങ്കന്‍ തമിഴ്‌വംശജരായിരുന്നു. യു.കെ, സ്വിറ്റ്‌സര്‍ലാന്‍ഡ്, ബെല്‍ജിയം തുടങ്ങി നിരവധി രാജ്യങ്ങളിലും ആശ്രമത്തിന് ശാഖകള്‍ തുറന്നു.

പുതുക്കോട്ടയിലെ വിചാരണ കോടതിയില്‍ ആര്‍.ഭാനുമതി എന്ന ജഡ്ജിയായിരുന്നു വിചാരണ നടത്തിയത്. സ്വാമിക്ക് വേണ്ടി ഹാജരായ അഡ്വ. രാംജത്മലാനി സ്വാമിക്ക് വിചാരണ വേളയില്‍ നല്‍കിയ ദൈവിക പരിവേഷവും ഏറെ ചര്‍ച്ച ചെയ്തിരുന്നു.

ശൂന്യതയില്‍ നിന്നും വിഭൂതി എടുക്കാനും വായില്‍ നിന്ന് ചെറിയ ശിവലിംഗങ്ങള്‍ എടുക്കാനുമുള്ള ദിവ്യശേഷി സ്വാമിക്കുണ്ടെന്ന് രാംജത്മലാനി വാദിച്ചിരുന്നു. ഒരു ജാലവിദ്യക്കാരനെ വിളിച്ചുവരുത്തിയ കോടതി ഇവ രണ്ടു അവതരിപ്പിച്ചാണ് സ്വാമിയുടെ വാദം പൊളിച്ചത്.

പെണ്‍കുട്ടികളുടെ സമ്മതത്തോടെയായിരുന്നു ലൈംഗികബന്ധം എന്നതായിരുന്നു മറ്റൊരു വാദം. എന്നാല്‍ 16 വയസിനു താഴെയുള്ളവരുമായുള്ള സമ്മതപ്രകാരമുള്ള ബന്ധമാണെങ്കിലും മാനഭംഗമായി കണക്കാക്കുമെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.

സാക്ഷികള്‍ക്കും പ്രതിക്കും പോലീസ് മര്‍ദ്ദനമേറ്റു എന്ന വാദവും കോടതി തള്ളി. സ്വാമിയുടെയും പെണ്‍കുട്ടിയുടെയും അലസിപ്പിച്ച് മറവുചെയ്ത ഗര്‍ഭത്തിന്റെയും ഡിഎന്‍എ സാംപിളുകള്‍ പരിശോധന നടത്തിയതില്‍ നിന്നും ഗര്‍ഭത്തിന്റെ പിതൃത്വം സ്വാമിക്കാണെന്ന് തെളിഞ്ഞതായും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

ആശ്രമത്തില്‍ കൊല്ലപ്പെട്ടയാളുടെ മൃതദേഹ അവശിഷ്ടങ്ങളും ആശ്രമത്തിനുള്ളില്‍ നിന്നു തന്നെ കുഴിച്ചെടുത്തിരുന്നു. നാളുകള്‍ നീണ്ട വിചാരണയ്ക്കു ശേഷം 1997 ഓഗസ്റ്റ് 20ന് ശിക്ഷ വിധിച്ചു. ശിക്ഷ അനുഭവിച്ചുവരുന്നതിനിടെ 2011 ഫെബ്രുവരി 21ന് കടുത്ത കരള്‍ രോഗത്തെ തുടര്‍ന്ന് ഗൂഡല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ വച്ച് പ്രേമാനന്ദ മരണമടഞ്ഞു.

ബാലപീഡകരില്‍ കേരളത്തിന്റെ പ്രാതിനിത്യമാണ് സ്വാമി അമൃതചൈതന്യ എന്ന സന്തോഷ് മാധവന്‍. രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ 2009ലാണ് സന്തോഷ് മാധവന് ശിക്ഷ ലഭിച്ചത്.

കുട്ടികളുടെ അശ്ലീലചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. 2004 മുതല്‍ ഇന്റര്‍പോള്‍ തേടുന്ന പ്രതിയുമായിരുന്ന സ്വാമി. 16 വര്‍ഷമാണ് സന്തോഷ് മാധവന് ലഭിച്ച ശിക്ഷ.

ജബല്‍പുര്‍ സ്വദേശിയായ വികാസ് ജോഷി എന്ന വികാസാനന്ദയെ 2006ലാണ് ബാലപീഡനത്തിന് ശിക്ഷിക്കുന്നത്. നിരവധി പെണ്‍കുട്ടികളെ പീഡിപ്പിച്ച ഇയാളില്‍ നിന്നും അന്വേഷണ സംഘം 60 പോണോഗ്രാഫിക് വീഡിയോകള്‍ പിടിച്ചെടുത്തിരുന്നു. ലഹരിമരുന്നുകളുമായി ഒരു ഹോട്ടല്‍ മുറിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

ഈ സമയം അയാള്‍ കൊച്ചുകുട്ടികളുടെ കൂടെ പോണോഗ്രാഫിക് സിനിമ കാണുകയായിരുന്നു. ദേരാ സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹിം ജയിലില്‍ പോയതും പീഡനക്കേസിലാണ് ബാലപീഡനമല്ലെന്നു മാത്രം.

 

Related posts