സ്വന്തം ലേഖകൻ
തൃശൂർ: “നന്മ നിറഞ്ഞ മറിയമേ …’ എന്ന പ്രാർഥന 16 ഭാഷകളിൽ ബോട്ടിൽ ആർട്ട് ആയി അവതരിപ്പിച്ച പൊങ്ങണംകാട് പായിക്കാട്ടു വീട്ടിൽ ഗോഡ്സണ്‍ ഫ്രാൻസിസിന് ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിന്റേയും ഏഷ്യ ബുക്ക് ഓഫ് റിക്കാർഡിന്റേയും അംഗീകാരം.
ഇത്രയേറെ ഭാഷകളിൽ പ്രാർഥന രേഖപ്പെടുത്തിക്കൊണ്ടാണ് റിക്കാർഡ് കുറിച്ചത്.
ആഫ്രിക്കൻസ്, ക്രൊയേഷ്യൻ, ഫ്രഞ്ച്, ഇറ്റാലിയൻ തുടങ്ങിയവ അടക്കമുള്ള ഭാഷകളിലായാണ് പ്രാർഥന രേഖപ്പെടുത്തിയത്.
ജപമാല ചൊല്ലാറുള്ള ഗോഡ്സണിനു ജപമാലയുമായി ബന്ധപ്പെട്ട് എന്തെങ്കിലും ശ്രദ്ധേയമായ കാര്യം ചെയ്യണമെന്നതു മാസങ്ങളായുള്ള ആഗ്രഹമായിരുന്നു.
അങ്ങനെയാണ് ജപമാലമാസത്തിനു മുന്‍പായി ഈ നേട്ടം കൈവരിക്കാനായത്. ഇതിനായി ആദ്യം ബോട്ടിൽ ആർട്ട് പഠിച്ചു.
വിവിധ ഭാഷകളിൽ “നന്മ നിറഞ്ഞ മറിയമേ…’ എന്ന പ്രാർഥന എഴുതുന്നത് എങ്ങനെയെന്നു കണ്ടെത്തി. അതിനായി ആദ്യം ഗൂഗിളിന്റേയും പിന്നീട് ഒരു ആപ്പിന്റെയും സേവനം പ്രയോജനപ്പെടുത്തി.
വിവിധ ഭാഷയിലുള്ള പ്രാർഥന ആദ്യം പുസ്തകത്തിൽ എഴുതി ശീലിച്ചു. രണ്ടര മാസത്തിലേറെ അധ്വാനത്തിനു ശേഷമാണ് ചില്ലുകുപ്പിയിൽ പെയിന്റു ചെയ്ത് എഴുതിച്ചേർത്തത്.
ചതുരത്തിലുള്ള കുപ്പിയുടെ ഓരോ വശത്തും നാലു ഭാഷകളിൽ പ്രാർഥന എഴുതി.
എംകോം പരീക്ഷ എഴുതിയ ഗോഡ്സണിന് അമ്മ ഷൈലയുടെ പ്രോത്സാഹനവും ഉണ്ടായിരുന്നു.
പുതുക്കാട് പള്ളി അസിസ്റ്റന്റ് വികാരി ഫാ. സോബിൻ പായിക്കാട്ടും അമല ആശുപത്രിയിലെ സിസ്റ്റർ സോന മരിയ സിഎസ്എമ്മും സഹോദരങ്ങളാണ്. കെസിവൈഎം, ജീസസ് യൂത്ത് എന്നീ സംഘടനകളിലെ അംഗമാണ്.