ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരേയുള്ള പീഡനാരോപണം ഉന്നയിച്ചതിനു പിന്നിൽ രാജ്യത്തെ വലിയ കോർപ്പറേറ്റ് കന്പനിയാണെന്ന് അഭിഭാഷകൻ ഉത്സവ് ബെയിൻസ്. ഇവരുടെ ലക്ഷ്യം ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയുടെ രാജിയാണ്. സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഉത്സവ് ബെയിൻസ് ഇക്കാര്യം വ്യക്തമാക്കിയത്.
റിലയൻസ് കമ്യൂണിക്കേഷൻസ് ചെയർമാൻ അനിൽ അംബാനിക്ക് അനുകൂലമായി കോടതിയുത്തരവു തിരുത്തിയതിന് തപൻ കുമാർ ചക്രവർത്തി, മാനവ് ശർമ എന്നിവരാണ് രണ്ടുമാസം മുൻപ് സുപ്രീം കോടതിയിൽ നിന്നു പുറത്താക്കപ്പെട്ടത്. ഇവരും മറ്റു ചിലരുമാണ് ഗൂഢാലോചന നടത്തിയതെന്നാണ് ഉത്സവ് ബെയിൻസ് സത്യവാങ്മൂലം നൽകിയത്.
ഇതുമായി ബന്ധപ്പെട്ട തെളിവുകൾ പിടിച്ചെടുക്കാൻ സിബിഐ, ഇന്റലിജൻസ് ബ്യൂറോ മേധാവികളെയും ഡൽഹി പോലീസ് കമ്മിഷണറെയും വിളിച്ചുവരുത്തി സുപ്രീം കോടതി നിർദേശം നൽകി. തന്റെ പക്കലുണ്ടെന്ന് അഭിഭാഷകൻ പറയുന്ന കൂടുതൽ വിവരങ്ങൾ സത്യവാങ്മൂലമായി നൽകാനും കോടതി നിർദേശിച്ചു. പീഡനാരോപണത്തിന്റെ പശ്ചാത്തലത്തിൽ സ്വമേധയാ എടുത്ത കേസ് സുപ്രീം കോടതി ഇന്നു വീണ്ടും പരിഗണിക്കും.
പീഡനാരോപണം ഉന്നയിച്ച സുപ്രീം കോടതി മുൻ ജീവനക്കാരിക്കായി ഹാജരാകാനും പത്രസമ്മേളനം സംഘടിപ്പിക്കാനും തനിക്ക് ഒന്നരക്കോടി രൂപ വാഗ്ദാനം ചെയ്തെന്ന് കഴിഞ്ഞദിവസം ഇദ്ദേഹം മറ്റൊരു സത്യവാങ്മൂലം നൽകിയിരുന്നു.
ഇതിൽ ജെറ്റ് എയർവെയ്സ് മേധാവി നരേഷ് ഗോയൽ, ദാവൂദ് ഇബ്രാഹിം, തട്ടിപ്പു പശ്ചാത്തലമുള്ള റൊമേഷ് ശർമ തുടങ്ങിയവരെ പരാമർശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ വെളിപ്പെടുത്താനാവില്ലെന്ന് ഉത്സവ് നിലപാടെടുത്തു.
അവിശ്വാസവുമായി പരാതിക്കാരി
അതേസമയം ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ്ക്കെതിരായ ലൈംഗികാതിക്രമപരാതി അന്വേഷിക്കുന്ന സുപ്രീം കോടതി ആഭ്യന്തര സമിതിയിൽ അവിശ്വാസം രേഖപ്പെടുത്തി പരാതിക്കാരി രംഗത്ത് എത്തി. ജസ്റ്റീസ് രമണയെ സമിതിയിൽ ഉൾപ്പെടുത്തിയതിൽ ആശങ്കയുണ്ടെന്നും പരാതി നൽകിയതിന്റെ പേരിൽ തന്നെ ഒറ്റപ്പെടുത്താനും അവഗണിക്കാനുമാണ് ശ്രമം നടക്കുന്നതെന്നും സമിതി അംഗങ്ങൾക്ക് അയച്ച കത്തിൽ അവർ വ്യക്തമാക്കി.
പരാതിക്കാരിയോട് നാളെ ഹാജരാകാൻ സമിതി ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയിലാണ് സമിതിയിൽ അവിശ്വാസം രേഖപ്പെടുത്തിക്കൊണ്ട് അവർ കത്ത് നൽകിയിരിക്കുന്നത്. ആരോപണവുമായി ബന്ധപ്പെട്ട സുപ്രീംകോടതി പരാമർശങ്ങൾ തന്നെ അപകീർത്തിപ്പെടുത്താനാണ്. തന്റെ ഭാഗം കേൾക്കാതെ വ്യക്തിഹത്യ നടക്കുന്നുവെന്നും പരാതിക്കാരി കത്തിൽ ചൂണ്ടിക്കാട്ടുന്നു.